കൊല്‍ക്കത്ത: മിന്നുന്ന ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍ അജിങ്ക്യാ രഹാനെ. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന രഹാനെ രോഹിത് ശര്‍മയുടെ ഒഴിവില്‍ ലഭിച്ച ഓപ്പണര്‍ സ്ഥാനത്ത് അടിച്ചുതകര്‍ക്കുകയാണിപ്പോള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും രഹാനേ നേിടക്കഴിഞ്ഞു. ഇങ്ങനെ അടിച്ചുതകര്‍ത്താല്‍ രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ രഹാനെയെ കോലി എവിടെ കളിപ്പിക്കും എന്ന് സ്വാഭാവികമായും ഉയരുന്ന ആശങ്ക.
ഈ സാഹചര്യത്തിലാണ് രഹാനെയുടെ ടീമിലെ റോള്‍ എന്താണെന്ന് കോലി വ്യക്തമായി നിര്‍വചിക്കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയത്. രഹാനെയെപ്പോലൊരു കളിക്കാരന്‍ ടീമിന് എത്രമാത്രം പ്രധാനമാണെന്ന് കോലി അദ്ദേഹത്തോട് തുറന്നുപറയണമെന്നും ടൈംസ് ഓഫ് ഇന്ത്യയിലെഴുതി കോളത്തില്‍ ഗാംഗുലി പറഞ്ഞു. കോലി അടിയന്തിരമായി രഹാനെയ്ക്കൊപ്പമിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണം.
വെസ്റ്റ് ഇന്‍ഡീസിനെതിരെയാ ഏകദിന പരമ്പര കഴിഞ്ഞ് രോഹിത് ശര്‍മ തിരിച്ചെത്തുമ്പോള്‍ തനിക്ക് അന്തിമ ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്ന് രഹാനെയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കി കൊടുത്താല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനും കളിനിലവാരം അല്‍പം കൂടി ഉയര്‍ത്താനും രഹാനെയ്ക്കാവുമെന്നും ഗാംഗുലി വ്യക്തമാക്കി.
ടെസ്റ്റ് ടീമിലെ ഇന്ത്യയുടെ വിശ്വസ്തനായ രഹാനെ പക്ഷെ ഏകദിന ടീമിലെ വിരുന്നുകരനാണ്. ഇപ്പോള്‍ രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണറായി കളിക്കുന്ന രഹാനെ മുമ്പ് 4,5,6,7 സ്ഥാനങ്ങളിലും ബാറ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രഹാനെയുടെ പ്രകടനത്തെ പുകഴ്‌ത്തി കോലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര കഴിഞ്ഞാല്‍ ശ്രീലങ്കയ്ക്കെതിരെ ആണ് ഇന്ത്യയുടെ ഏകദിന പരമ്പര.
