രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് തിങ്കളാഴ്ച 29-ം പിറന്നാളാണ്. ഏകദിന, ട്വന്റി-20 റാങ്കിംഗില്‍ നിലവില്‍ ഒന്നാം റാങ്കിലുള്ള കോലി ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്. ഏകദിന, ട്വന്റി-20 ക്രിക്കറ്റിലെ റെക്കോര്‍ഡുകളെല്ലാം കോലി ഓരോ മത്സരത്തിലും എഴുതിക്കൊണ്ടിരിക്കുന്നു. ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ ഇനി ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം മാത്രം 2000 റണ്‍സ് തികച്ച കോലി എപ്പോള്‍ വിരമിക്കുമെന്നതിനെക്കുറിച്ച് മനസുതുറന്നു. വെബ് ടാക് ഷോ ആയ 'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' എന്ന പരിപാടിയിലാണ് കോലി വിരമിക്കലിനെക്കുറിച്ച് മനസുതുറന്നത്.

എന്നിലെ വിജയതൃഷ്ണ അവസാനിക്കുമ്പോള്‍, കളിക്കാനുള്ള പ്രചോദനം അവസാനിക്കുന്ന ദിവസം ഞാന്‍ ക്രിക്കറ്റ് മതിയാക്കും. തന്റെ ശരീരത്തിന് താങ്ങാവുന്നതിലപ്പുറം കരിയര്‍ നീട്ടിക്കൊണ്ടുപോകാനോ ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാനോ ഞന്‍ ആഗ്രഹിക്കുന്നില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്നാണോ നമ്മള്‍ നിത്യവും ചെയ്യുന്ന കാര്യത്തോട് അകല്‍ച്ച തോന്നുന്നത് അന്ന് കളി അവസാനിപ്പിക്കുന്നതാണ് നല്ലത്.

വിജയത്തിനായുള്ള ആവേശമോ ഊര്‍ജ്ജമോ ഇല്ലാതെ വെറുതെ ഗ്രൗണ്ടില്‍ നില്‍ക്കുകയാണെന്ന് തോന്നുന്ന നിമിഷം കളി അവസാനിപ്പിക്കും. ടീമിനായി കാര്യമായി ഒന്നും ചെയ്യാതെ ടീമിലെ വെറുമൊരു അംഗമായി മാത്രം നില്‍ക്കാന്‍ എനിക്കാവില്ല. ടീമിനായി ഒന്നും ചെയ്യാനാവുന്നില്ലെങ്കില്‍ പിന്നെ എന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെ അത്തരമൊരു ദിവസം വന്നാല്‍ അന്ന് കളി മിതായക്കുമെന്നും കോലി പറഞ്ഞു.