കൊല്‍ക്കത്ത: ഇന്ത്യയുടെ ചേസ് മാസ്റ്ററായ വിരാട് കൊഹ്‌ലിക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ ജയത്തിലെത്തിക്കാനായില്ലെങ്കിലും ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലെഴുതി. അതും സാക്ഷാല്‍ എ.ബി. ഡിവില്ലിയേഴ്സിനെ പിന്തള്ളി. മൂന്നാം ഏകദിനത്തില്‍ 55 റണ്‍സെടുത്ത് പുറത്തായ കൊഹ്‌ലി ക്യാപ്റ്റനെ നിലയയില്‍ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചു. 17 ഇന്നിംഗ്സുകളില്‍ നിന്നാണ് കൊഹ്‌ലി 1000 പിന്നിട്ടത്. ക്യാപ്റ്റനെന്ന നിലില്‍ 18 ഇന്നിംഗ്സുകളില്‍ 1000 പിന്നിട്ട ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡാണ് കൊഹ്‌ലി മറികടന്നത്.

300ന് മുകളിലുള്ള ലക്ഷ്യം പിന്തുടരുമ്പോള്‍ കൊഹ്‌ലി നേടുന്ന 11-ാമത് അര്‍ധസെഞ്ചുറിയായിരുന്നു കൊല്‍ക്കത്തയിലേത്. 12 അര്‍ധസെഞ്ചുറികള്‍ കുറിച്ച ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര മാത്രമാണ് ഇനി കൊഹ്‌ലിക്ക് മുന്നിലുള്ളത്. 300 റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ബാറ്റ്സ്മാനും കൊഹ്‌ലി തന്നെയാണ്.

മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണിംഗ് അമ്പേ പരാജയമായിരുന്നു. 37 റണ്‍സാണ് മൂന്ന് മത്സരങ്ങളില്‍ നിന്നായി ഓപ്പണര്‍മായാര രാഹുലും ധവാനും രഹാനെയും ചേര്‍ന്ന് നേടിയത്. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. 2012-2013ല്‍ പാക്കിസ്ഥാനെതിരെ ആകെ 73 റണ്‍സ് നേടിയതാണ് ഇതിന് മുമ്പത്തെ കുറഞ്ഞ സ്കോര്‍.

ഈ പരമ്പരയിലാകെ പിറന്നത് 17 അര്‍ധസെഞ്ചുറികളാണ്. മൂന്ന് മത്സര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ പിറന്ന പരമ്പരയെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയ്ക്ക് സ്വന്തമായി. ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇരുടീമുകളും 300 റണ്‍സിലധികം നേടി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ നേടിയ 1053 റണ്‍സ് മൂന്ന് മത്സര പരമ്പരയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്. ഇംഗ്ലണ്ട് നേടിയ 1037 റണ്‍സാണ് രണ്ടാം സ്ഥാനത്ത്. പരമ്പരയിലാകെ പിറന്നത് 2090 റണ്‍സ്. ഇതും മൂന്ന് മത്സര പരമ്പരയിലെ മറ്റൊരു റെക്കോര്‍ഡാണ്. മത്സരത്തില്‍ സാം ബില്ലിംഗ്സിന്റെ വിക്കറ്റെടുത്ത ജഡേജ ഏകദിന ക്രിക്കറ്റില്‍ 150 വിക്കറ്റും 1500 റണ്‍സും നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി.