ദില്ലി: ഫിറോസ് ഷാ കോട്‌ലയിലെ പുകമഞ്ഞില്‍ കിതച്ച ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ആശ്വസവുമായി വിരാട് കോലി. ലങ്കക്കായി ഫീല്‍ഡ് ചെയ്യാന്‍ താരങ്ങള്‍ ഇല്ലാതെ വന്നതോടെ അപ്രതീക്ഷിതമായി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു വിരാട് കോലി. ഇനി നിങ്ങള്‍ ബാറ്റ് ചെയ്യ്, ഞങ്ങള്‍ ഫീല്‍ഡ് ചെയ്ത് കാണിച്ചുതരാം എന്നായി ഇന്ത്യന്‍ നായകന്‍. കോലിയുടെ തീരുമാനത്തെ ലങ്കന്‍ താരങ്ങള്‍ കയ്യടിച്ച് വരവേറ്റു.
ഒട്ടുമിക്ക ശ്രീലങ്കന്‍ താരങ്ങളും മുഖാവരണം ധരിച്ചാണ് ഫീല്‍ഡിലിറങ്ങിയത്. പുകമഞ്ഞ് മൂലം ഉച്ചക്ക് 12.30ഓടെ മത്സരം നിര്‍ത്തിവച്ചു. ഇന്ത്യന്‍ ഇന്നിംഗ്സിലെ 127-ാംമത്തെ ഓവറില്‍ അവസാന പന്തെറിയാതെ പേസര്‍ ലക്മല്‍ ഗ്യാലറിയിലേക്കും മടങ്ങി. തുടര്‍ന്ന് അംപയര്‍മാര്‍ ലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമലുമായി ആശയവിനിമയം നടത്തി. ശ്രീലങ്കന്‍ മെഡിക്കല്‍ സംഘം കളിക്കിടെ താരങ്ങളെ പരിശോധിക്കുകയും ചെയ്തു.
പിന്നാലെ ഇന്ത്യന്‍- ശ്രീലങ്കന്‍ പരിശീലകരും അപയര്‍മാരുമായി സാഹചര്യം ചര്‍ച്ച ചെയ്തു. ഒടുവില്‍ ശ്രീലങ്കക്ക് ഫീല്‍ഡില്‍ പത്ത് പേര്‍ മാത്രമായതോടെ വിരാട് കോലി ഇന്നിംഗ്സ് അവസാനിപ്പിച്ചതായി അറിയിച്ചു. ബാറ്റ് ചെയ്തിരുന്ന ജഡേജ നായകന് ഉറച്ച പിന്തുണ നല്‍കി കൈയ്യുയര്‍ത്തി കാണിച്ചു. അതോടെ ശ്രീലങ്കന്‍ ക്വാമ്പിന് സന്തോഷ മുഹൂര്‍ത്തം. ശ്രീലങ്കന്‍ താരം ലഹിരു ഗാമേജും മത്സരത്തിനിടക്ക് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു.
