സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയിറങ്ങിയത് മൂന്ന് മാറ്റങ്ങളുമായാണ്. ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി പകരം പേസര്‍ ഇശാന്തിനെ ടീമിലുള്‍പ്പെടുത്തിയതാണ് അതിലൊന്ന്. എന്നാല്‍ ഭുവിയെ അകാരണമായി പിന്‍വലിച്ചത് കോലിയുടെ പാളിപ്പോയ തന്ത്രമായി എന്ന് വ്യക്തമാക്കുന്നതായി മത്സരം. 

മികച്ച രീതിയില്‍ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയപ്പോള്‍ കോലിക്ക് മുന്നില്‍ എല്ലാ തന്ത്രങ്ങളും പൊളിയുകയായിരുന്നു. മികച്ച പേസും ബൗണ്‍സും പ്രതീക്ഷിച്ചാണ് കോലി ഇശാന്തിനെയുള്‍പ്പെടുത്തിയത് എന്ന് വ്യക്തം. എന്നാല്‍ കേപ്‌ടൗണില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഫ്ലാറ്റ് പിച്ചാണ് സെഞ്ചൂറിയനില്‍ ഒരുക്കിയത്. ആറടിയിലേറെ ഉയരമുള്ള ഇശാന്തിന് പോലും വേണ്ടത്ര ബൗണ്‍സ് ലഭിച്ചില്ല.

കേപ്‌ടൗണ്‍ ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 87 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവിയാണ് ദക്ഷിണാഫ്രിക്കയെ 286ല്‍ എറിഞ്ഞിട്ടത്. കേപ്‌ടൗണില്‍ ഓപ്പണര്‍മാരായ ഡീന്‍ എള്‍ഗര്‍, എയ്ഡന്‍ മര്‍ക്രാം എന്നിവരെയും ലോകോത്തര ബാറ്റ്സ്മാന്‍മാരായ ഹാഷിം അംല, ഡിക്കോക് എന്നിവരെയാണ് ഭുവി പുറത്താക്കിയത്. 

കേപ്‌ടൗണില്‍ മികച്ച സ്വിംങും മൂവ്മെന്‍റും ഭുവിക്ക് ലഭിച്ചിരുന്നു. എന്നാല്‍ സെഞ്ചൂറിയനില്‍ ഭുവിയുടെ അഭാവത്തില്‍ മത്സരത്തിന്‍റെ തുടക്കത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി മേധാവിത്വം നേടാന്‍ ഇന്ത്യക്കായില്ല. എന്നാല്‍ പന്തിന്‍ മേല്‍ കൂടുതല്‍ നിയന്ത്രണമുള്ള ഭുവിയെ സെഞ്ചൂറിയനില്‍ ഒഴിവാക്കിയത് തിരിച്ചടിയായി. മികച്ച തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്കയെ തളച്ചത് സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ ബൗളിംഗ് പ്രകടനമാണ്.