അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത് ശര്‍മ്മ. ഇതോടെ ടി20യില്‍ വിരാട് കോലിയെക്കാള്‍ മികച്ച താരം രോഹിതാണോ എന്ന ചോദ്യം ഉയരുകയാണ്. 

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത് ശര്‍മ്മ. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 29 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചാണ് രോഹിത് റണ്‍വേട്ടയില്‍ മുന്നിലെത്തിയത്. കിവീസ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഹിറ്റ്‌മാന്‍ ഷോയില്‍ പിന്നിലായത്.

ഇതോടെ ടി20യില്‍ വിരാട് കോലിയെക്കാള്‍ മികച്ച താരം രോഹിതാണോ എന്ന ചോദ്യം ഉയരുകയാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനായാണ് കോലി അറിയപ്പെടുന്നത്. എന്നാല്‍ രോഹിത് വെടിക്കെട്ട് ബാറ്റിംഗും വമ്പന്‍ ഇന്നിംഗ്‌സുകളും കൊണ്ട് ഓപ്പണറായി ശ്രദ്ധിക്കപ്പെടുന്നു. ഇരു താരങ്ങളെയും കുറിച്ച് ഹര്‍ഭജന്‍ സിംഗ് പറയുന്നതിങ്ങനെ.

രോഹിതാണോ കോലിയാണോ മികച്ചതെന്ന ചോദ്യം കുടുക്കുകയാണ്. വിസ്‌മയ താരങ്ങളാണ് രണ്ട് പേരും. ക്ലാസ് താരങ്ങളാണെന്ന് അവരുടെ റെക്കോര്‍ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. രോഹിത് പ്രതിഭാധനനായ താരമാണെങ്കില്‍ കോലി കഠിനാധ്വാനിയാണ്. ചിലപ്പോള്‍ രോഹിതിനോളം കഴിവുള്ള ക്രിക്കറ്ററായിരിക്കില്ല കോലി. എന്നാല്‍ കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് കോലി ഇന്ന് നാം കാണുന്ന നിലയിലെത്തി.

അതുകൊണ്ട് മികച്ച താരത്തെ കണ്ടെത്തുക വിഷമകരമാണ്. രണ്ട് പോരും ഇന്ത്യക്കായി കളിക്കുന്നു എന്നതാണ് പ്രത്യേകത. ടി20യില്‍ രോഹിത് ഇന്ത്യക്കായി നിരവധി സെഞ്ചുറികള്‍ നേടി. രോഹിത് ഓപ്പണറാണ് എന്നതും കൂടുതല്‍ പന്തുകള്‍ ലഭിക്കുന്നതുമാണ് കാരണം. എന്നാല്‍ കോലി പലപ്പോഴും മുന്‍നിര തകര്‍ന്ന ടീമിന് അടിത്തറ പാകുന്ന താരമാണെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.