സിഡ്‌നി: ഫെബ്രുവരി 24ന് ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിന് തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയ. രണ്ട് ടി20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ലോകകപ്പിന് മുന്‍പ് ഇരു ടീമുകള്‍ക്കും ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടാനുള്ള സുവര്‍ണാവസരമാണിത്. ഓസ്‌ട്രേലിയയില്‍ പുറത്തെടുത്ത മികവ് സ്വന്തം മണ്ണിലും ആവര്‍ത്തിക്കുകയും ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നു. ഇന്ത്യന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്നറിയിപ്പ് നല്‍കുകയാണ് വിഖ്യാത താരം മാത്യു ഹെയ്‌ഡന്‍. 

ഇന്ത്യയിലെ സ്‌പിന്നിനെ അനുകൂലിക്കുന്ന സാഹചര്യങ്ങള്‍ ഓസ്‌ട്രേലിയക്ക് തലവേദനയാകുമെന്ന് ഹെയ്‌ഡന്‍ വ്യക്തമാക്കി. ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍ കോലിയെ വിറപ്പിച്ച യുവ പേസര്‍ ജേ റിച്ചാര്‍ഡ‌്‌സണിനാണ് ഹെയ്‌ഡന്‍ കൂടുതല്‍ മുന്നറിയിപ്പ് നല്‍കുന്നത്. 'കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ റിച്ചാര്‍ഡ്‌സണിന് മുന്നില്‍ കോലി വിറച്ചു. മൂന്ന് തവണ കോലിയെ പുറത്താക്കി. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ വ്യത്യസ്‌തമാണ്. റിച്ചാര്‍ഡ്‌സണ്‍ യുവ താരമാണ്, ഇന്ത്യയില്‍ കളിച്ച് വലിയ പരിചയമില്ല. അതിനാല്‍ വിരാട് കോലി മുന്‍തൂക്കം നേടുമെന്നും' മുന്‍ ഓസീസ് ഓപ്പണര്‍ പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ റിച്ചാര്‍ഡ്‌സണ്‍ മികവ് കാട്ടിയിരുന്നു. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പകരമാണ് റിച്ചാര്‍ഡ്‌സണെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് ടീമില്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. ഓസീസ് ഉയരക്കാരന്‍ ജാസന്‍ ബെഹ്‌റെന്‍‌ഡോര്‍‌ഫ് ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയ്ക്ക് ഭീഷണിയാവില്ലെന്നും ഹെയ്‌ഡന്‍ പറഞ്ഞു. വിശാഖപട്ടണത്ത് ഫെബ്രുവരി 24ന് ടി20യോടെയാണ് പരമ്പര തുടങ്ങുന്നത്.