ക്രീസിലെ വെടിക്കെട്ട് ട്വിറ്ററിലും തുടരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സെവാഗിന്‍റെ കോലിക്കുള്ള ആശംസയും ഗംഭീരമായിരുന്നു. ഏകദിനത്തില്‍ കോലി വേഗതയില്‍ പതിനായിരം റണ്‍സ് തികച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ട മികച്ച ട്വീറ്റുകളിലൊന്നാണിത്...
വിശാഖപട്ടണം: ഏകദിനത്തില്‍ വെറും 205 ഇന്നിംഗ്സുകളില്‍ നിന്ന് 10000 റണ്‍സും 37 സെഞ്ചുറിയും. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം കോലി തന്‍റെ സ്വന്തമാക്കിയപ്പോള്‍ റണ്ണും റെക്കോര്‍ഡുകളും ഒഴുകുകയായിരുന്നു വിശാഖപട്ടണത്തെ ഡോ. വൈഎസ് രാജശേഖര റെഡി സ്റ്റേഡിയത്തില്‍.

സച്ചിന്‍റെ ഒരിക്കലും മറികടക്കാന്‍ കഴിയില്ലെന്ന് ക്രിക്കറ്റ് വിദഗ്‌ധര്‍ വിലയിരുത്തിയ റെക്കോര്‍ഡുകളിലൊന്നാണ് കോലി പ്രഭാവത്തില്‍ അപ്രത്യക്ഷമായത്. വേഗതയില്‍ 10000 റണ്‍സ് എന്ന നേട്ടം കോലി അടിച്ചെടുത്തു. സച്ചിനെക്കാള്‍ 54 ഇന്നിംഗ്സ് കുറവെ കോലിക്ക് ഇതിന് വേണ്ടിവന്നുള്ളൂ. തകര്‍പ്പന്‍ സെഞ്ചുറിയുമായി വിശാഖപട്ടണത്ത് ബാറ്റിംഗ് വിരുന്നിന്നൊരുക്കിയ കോലി എക്കാലത്തെയും മികച്ച ഏകദിന താരമല്ലേ എന്ന് ഐസിസി വരെ ചോദിക്കുകയാണ്.

റെക്കോര്‍ഡ് സ്വന്തമാക്കിയ കോലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്‍റെ ട്വീറ്റ് ഇങ്ങനെ... 'കോലി എപ്പോഴും സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നു. ഈ പ്രതിഭാസത്തെ ആസ്വദിക്കുക. സ്ഥിരത എന്ന വാക്കിന് കോലി പുതിയ നിര്‍വചനങ്ങള്‍ ചമച്ചു' എന്ന് വീരു പറയുന്നു. കോലിയുടെ സ്ഥിരതയെ കുറിച്ചായിരുന്നു വീരുവിന്‍റെ വെടിക്കെട്ട് ട്വീറ്റ്. സെവാഗിന് പുറമെ ക്രിക്കറ്റ് ലോകത്തുനിന്ന് നിരവധി പ്രശംസകളാണ് ചരിത്ര ദിനത്തില്‍ കോലിയെ തേടിയെത്തിയത്.
