ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ കരിയറിലെ 35-ാം സെഞ്ചുറി തികച്ച വിരാട് കോലി ഈ ഫോം തുടര്‍ന്നാല്‍ ഏകദിന ക്രിക്കറ്റില്‍ എത്ര സെഞ്ചുറി അടിക്കും. ചോദ്യം വീരീന്ദര്‍ സെവാഗിനോടാണെങ്കില്‍ ഉത്തരം റെഡി. കരിയര്‍ പൂര്‍ത്തിയാവുമ്പോള്‍ വിരാട് കോലി ഏകദിന ക്രിക്കറ്റില്‍ 62 സെഞ്ചുറികള്‍ കുറിക്കുമെന്നാണ് സെവാഗിന്റെ പ്രവചനം. ട്വിറ്ററിലൂടെ നടത്തിയ ചോദ്യോത്തര വേളയില്‍ അശുതോഷ് ഗുപ്ത എന്ന ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് സെവാഗ് തന്റെ പ്രവചനം നടത്തിയത്.
നിലവില്‍ 35 സെഞ്ചുറികളുള്ള കോലി ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി വേട്ടക്കാരില്‍ സച്ചിന് പിന്നില്‍ രണ്ടാമതാണ്. 463 മത്സരങ്ങളില്‍ നിന്ന് 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. എന്നാല്‍ സച്ചിന്റെ പകുതി മത്സരം പോലും കളിച്ചിട്ടില്ലാത്ത കോലി(208)ക്ക് ഇപ്പോള്‍തന്നെ 35 സെഞ്ചുറികള്‍ സ്വന്തം പേരിലുണ്ട്.
സച്ചിന് ഏകദിനത്തില്‍ 44.83 റണ്‍സ് മാത്രം ശരാശരിയുള്ളപ്പോള്‍ കോലിയുടെ ഏകദിനത്തിലെ ശരാശരി 58.10 ആണ്. അതേസമയം കോലിയോ സച്ചിനോ കേമനെന്ന് ആരാധകര്‍ തര്‍ക്കിക്കുന്നതിനിടെ കോലി തന്നെയാണ് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ചവനെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു.
