ദില്ലി: ദീര്‍ഘകാലം ഇന്ത്യയുടെ ഓപ്പണര്‍മാരായിരുന്നു സച്ചിനും സേവാഗും. അതിനാല്‍ തന്നെ ഇരുവര്‍ക്കുമിടയിലെ സൗഹൃദം ഏറെ പ്രശസ്തമാണ്. എന്നാല്‍, പൊതുവേ എല്ലാത്തിനോടും കൂളായി പ്രതികരിക്കുന്ന സച്ചിന്‍ ഒരുദിവസം തന്നോട് പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് സേവാഗ് പറയുന്നു. ഒരേ ഒരു തവണയാണ് കളിക്കിടയില്‍ സച്ചിന്‍ തന്നോട് പൊട്ടിത്തെറിച്ചത്. 'വാട്ട് എ ഡ‍ക്ക്', എന്ന പരിപാടിയിലാണ് സച്ചിന്‍ തന്നോട് ദേഷ്യപ്പെട്ട സംഭവം സേവാഗ് വിവരിച്ചത്.

2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ സച്ചിനും ഞാനും ഓപ്പണ്‍ ചെയ്യാനെത്തി. സ്‌ട്രൈക്ക് ചെയ്യാന്‍ തുടങ്ങിയതു മുതല്‍ ഞാന്‍ മൂളിപ്പാട്ടു പാടാന്‍ തുടങ്ങി. ആദ്യ ഓവര്‍ മുഴുവനും മൂളിപ്പാട്ടു പാടിയാണ് ഞാന്‍ കളിച്ചത്. പിച്ചിനു നടുവില്‍ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നെങ്കിലും ആ സമയത്തും ഞാന്‍ പാടിക്കൊണ്ടിരുന്നു.

മൂന്ന് നാലു ഓവര്‍ പൂര്‍ത്തിയായപ്പോഴും മൂളിപ്പാട്ട് ഞാന്‍ നിര്‍ത്തിയിരുന്നില്ല. ഇതിനിടയില്‍ സച്ചിന്‍ എന്നോട് എന്തെങ്കിലും പറയൂ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാന്‍ തലകുലുക്കുക മാത്രം ചെയ്തു. അടുത്ത ഓവര്‍ കൂടി കഴിഞ്ഞപ്പോള്‍ സച്ചിന്‍ ദേഷ്യപ്പെട്ടു പറഞ്ഞു. 

ഇങ്ങനെ സെല്‍ഫിഷ് ആകരുത്. എന്തെങ്കിലും പറയൂ എന്ന് സച്ചിന്‍ പറഞ്ഞു. ഞാന്‍ പാട്ടിന്‍റെ റിഥത്തിലായിരുന്നു. അതാണ് ഒന്നും മിണ്ടാതിരുന്നതെന്ന് സച്ചിനു സേവാഗ് മറുപടി നല്‍കി. ഇതോടെ സച്ചിന്റെ ദേഷ്യം മാറി. സേവാഗ് പരിപാടിയില്‍ പറഞ്ഞു.