കൊളംബോ: അനില്‍ കുംബ്ലെയ്ക്കെതിരെ വിരാട് കോലിയുയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് വൃധിമാന്‍ സാഹ. കുംബ്ലെ കര്‍ക്കശക്കാരനായ പരിശീലകനാണെന്ന് തനിക്ക് അനുഭവപ്പെട്ടില്ലെന്ന് സാഹ പറഞ്ഞു. ക്യാപ്റ്റന്‍ കോലിയുമായുള്ള അസ്വാരസ്യങ്ങളാണ് കുംബ്ലെക്ക് പുറത്തേക്കുള്ള വഴി തുറന്നത്.

വലിയ സ്കോറുകള്‍ നേടാനും 150-200 റണ്‍സിനിടയില്‍ എതിരാളികളെ എറിഞ്ഞിടാനും കുംബ്ലെ നിര്‍ദേശിച്ചിരുന്നതായി സാഹ വെളിപ്പെടുത്തി. എന്നാല്‍ എതിരാളികളെ അടിച്ചുപറത്താന്‍ പറയുന്ന പരിശീകനാണ് രവിശാസ്ത്രിയെന്ന് സാഹ പറഞ്ഞു. അതേസമയം, താരങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ ഇരുവരും ഒരു പോലെയാണെന്നും സാഹ വെളിപ്പെടുത്തി. 

നിലവിലെ ശ്രീലങ്കന്‍ ടീം ദുര്‍ബലമെന്ന് സാഹ വിലയിരുത്തുന്നു. പരിക്കുമാറി തിരിച്ചെത്തിയ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയുടെ പ്രകടനത്തെ സാഹ പ്രശംസിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പരിചയം ശ്രീലങ്കയ്ക്കെതിരായ മല്‍സരങ്ങളില്‍ പിന്തുണയ്ക്കുന്നതായി സാഹ പറഞ്ഞു.ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടു പിന്നാലെയാണ് പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡിട്ട കുംബ്ലെയെ നീക്കി രവി ശാസ്ത്രിയെ ബിസിസിഐ പരിശീലകനായി നിയമിച്ചത്. കോലിയുടെ ആവശ്യപ്രകാരമായിരുന്നു ഇത്.