മുംബൈ: ഇന്ത്യക്കെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് സ്പിന്‍ പിച്ചെന്ന് സൂചന നല്‍കി ക്യൂറേറ്റര്‍ രമേശ് മാമുങ്കര്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ പിച്ച് രണ്ടാം ദിവസം അവസാന സെഷന്‍ മുതലോ മൂന്നാം ദിനം ആദ്യ സെഷനിലോ സ്പിന്നിനെ സഹായിച്ചു തുടങ്ങുമെന്നാണ് രമേശ് മാമുങ്കര്‍ പറയുന്നത്. പിച്ചിലെ പുല്ല് പൂര്‍ണമായും നീക്കിയിട്ടുണ്ട്. പിച്ച് നനയ്ക്കുന്നതും നിര്‍ത്തിവെച്ചു. ഇത് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരത്തിലും ടോസ് നിര്‍ണായകമാവും. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

സമീപകാലത്ത് നടന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 438 റണ്‍സടിച്ചത് ഇതേ പിച്ചിലായിരുന്നു. മത്സരത്തില്‍ ഇന്ത്യ 214 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം നടന്ന രഞ്ജി മത്സരങ്ങളില്‍ ഉയര്‍ന്ന സ്കോറുകളായിരുന്നു പിറന്നത്. ഈ സീസണിലെ ആദ്യ രണ്ട് രഞ്ജി മത്സരങ്ങളില്‍ ദില്ലിയുടെ റിഷഭ് പന്തും മഹാരാഷ്ട്രയുടെ സ്വപ്നില്‍ ഗുഗാലെയും ട്രിപ്പിള്‍ സെഞ്ചുറി അടിച്ചിരുന്നു.

2004ലെ ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തില്‍ സ്പിന്നര്‍മാരെ അമിതമായി പിന്തുണയ്ക്കുന്ന പിച്ച് ഒരുക്കിയതിന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്ന് നാലാം ഇന്നിംഗ്സില്‍ 107 റമ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 93 റണ്‍സിന് ഓള്‍ ഔട്ടായി.