മാഡ്രിഡ്: ഗോളടിയില്‍ റൊണാള്‍ഡോക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരേയൊരു താരമെ ഇപ്പോഴുള്ളു. സാക്ഷാല്‍ ലയണല്‍ മെസി. എന്നാല്‍ ഭാവിയില്‍ കാര്യങ്ങള്‍ അങ്ങനെയാവാനിടിയില്ല. ഗോളടിക്കുന്നതില്‍ റൊണാള്‍ഡോയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത് കുടുംബത്തില്‍ നിന്നുതന്നെയാണ്. മറ്റാരുമല്ല മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ തന്നെയാണ് ഫിനിഷിംഗില്‍ റൊണാള്‍ഡോയെ പോലും അമ്പരപ്പിച്ചിരിക്കുന്നത്. ഏഴു വയസുകാരനായ റൊണാള്‍ഡോ ജൂനിയറുടെ ലോംഗ് റേഞ്ച് ഗോള്‍ ട്വിറ്ററില്‍ പങ്കവെച്ചതും റൊണാള്‍ഡോ തന്നെയാണ്.

ഇതാദ്യമായല്ല റൊണാള്‍ഡോ ജൂനിയര്‍ തന്റെ ഗോളടി മികവ് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുന്നത്. ജൂണില്‍ പന്ത്രണ്ടാം ചാമ്പ്യന്‍സ് ലീഗ് കീരിടം നേടിയതിന്റെ ആഘോഷം റയല്‍ മൈതാനമായ സാന്റിയാഗോ ബെര്‍ബ്യൂവില്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ ലൂക്കാ മോഡ്രിച്ചിന്റെയും മാഴ്സലോയുടെ മക്കളെ ഡ്രിബ്ബിള്‍ ചെയ്ത് റൊണാള്‍ഡോ ജൂനിയര്‍ ഗോളടിച്ച് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. പെനല്‍റ്റി ബോക്സില്‍ റൊണാള്‍ഡോ ജൂനിയര്‍ പുറത്തെടുത്ത ഡ്രിബ്ലിംഗ് മികവും ഫിനിഷിംഗും കണ്ട് അന്നേ ഫുട്ബോള്‍ ലോകം വിലയിരുത്തി, അച്ഛന്റെ മകന്‍.