പല്ലു കൊഴിഞ്ഞാലും സിംഹം സിംഹമല്ലാതാവുമോ. ഈ വീഡിയോ കണ്ടാല്‍ ആരും അങ്ങനെ ചോദിച്ചുപോവും. ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ഡീഗോ മറഡോണ പരിശീലനത്തിനിടെ എടുത്തൊരു ഫ്രീ കിക്കാണ് ആരാധകരെക്കൊണ്ട് ഇപ്പോള്‍ ഇങ്ങനെ പറയിപ്പിക്കുന്നത്. യുഎഇ ക്ലബ്ബായ അല്‍ ഫുജൈറ എസ്‌സിയുടെ പരിശീലകനായ മറഡോണ താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനത്തിനിടെയാണ് 20 വാര അകലെ നിന്ന് പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ഗോളിയെ കാഴ്ചക്കാരനാക്കിയായിരുന്നു മറഡോണയുടെ ഗോള്‍.

പരിശീലനത്തിനിടെ ആണെങ്കിലും ഗോളടിച്ചാല്‍ പിന്നെ ആഘോഷിക്കാതിരിക്കാനാവുമോ. യഥാര്‍ഥ മത്സരത്തിലേതെന്നുപോലോ ആവേശത്തോടെ ഓടിയും ഗ്രൗണ്ടില്‍ മറിഞ്ഞുവീണുമെല്ലാം ആണ് ഇതിഹാസതാരം ഗോള്‍ നേട്ടം ആഘോഷിച്ചത്. അല്‍ ഫുജൈറ ക്ലബ്ബിന്റെ നെതര്‍ലന്‍ഡ്സില്‍ നടന്ന പരിശീലനത്തിനിടെയായിരുന്നു സംഭവം. മറഡോണയുടെ ഫ്രീ കിക്ക് കാണാം.