ഏഷ്യന്‍ താരങ്ങള്‍ക്കുള്ള ആദരമായി പുറത്തിറക്കിയ 'ഏഷ്യ' ആണ് വിന്‍ഡീസ് ഓള്‍റൗണ്ടറുടെ ഏറ്റവും പുതിയ ഗാനം.
സെന്‍റ് ലൂയിസ്: ക്രിക്കറ്റിലെ പോലെ ജീവിതത്തിലും ഓള്‍റൗണ്ടറാണ് വിന്‍ഡീസ് മുന്‍ ക്രിക്കറ്റര്‍ ഡ്വെയ്‌ന്‍ ബ്രാവോ. ക്രിക്കറ്റിന്‍റെ ഇടവേളകളില്‍ സംഗീതവും നൃത്തച്ചുവടുകളുമായി ആല്‍ബങ്ങള്‍ ബ്രാവോ പുറത്തിറക്കാറുണ്ട്. ഏഷ്യന്‍ താരങ്ങള്‍ക്കുള്ള ആദരമായി പുറത്തിറക്കിയ 'ഏഷ്യ' ആണ് വിന്‍ഡീസ് ഓള്‍റൗണ്ടറുടെ ഏറ്റവും പുതിയ ഗാനം.
ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ സൂപ്പര്‍ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രിദി, ശ്രീലങ്കന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കുമാര്‍ സംഗക്കാര എന്നിവരെല്ലാം ഏഷ്യയിലുണ്ട്. ഷാഹിദ് അഫ്രിദി ഈ ആല്‍ബം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ബ്രാവോ മുന്‍പ് പുറത്തിറക്കിയ 'ചാമ്പ്യന്‍ സോംഗ്' വലിയ തരംഗമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ബ്രാവോ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനായി 40 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2200 റണ്‍സും 86 വിക്കറ്റും ഏകദിനത്തില്‍ 2968 റണ്‍സും 199 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്. ടി20 ക്രിക്കറ്റിലെ കൂറ്റനടിക്കാരില്‍ ഒരാളായ ബ്രാവോ 66 മത്സരങ്ങളില്‍ 1142 റണ്‍സും 55 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്.
