പോര്‍ട്ട് എലിസബത്ത്: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ കുപ്രസിദ്ധനാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. മോശം പെരുറ്റത്തിന്‍റെ പേരില്‍ റബാഡയെ കഴിഞ്ഞ വര്‍ഷം ഐസിസി വിലക്കിയിരുന്നു. പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ ഇന്ത്യന്‍ താരം ശീഖര്‍ ധവാനോടുള്ള റബാഡയുടെ പെരുമാറ്റവും ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. 

ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാനെ പുറത്താക്കിയ ശേഷം റബാഡ കാട്ടിയ ആംഗ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഓപ്പണര്‍മാരായ ശീഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ശീഖര്‍ ധവാന്‍ അതിവേഗം സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ 23 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം 34 റണ്‍സെടുത്ത ധവാനെ റബാഡ ഫെലൂക്വായോയുടെ കൈകളിലെത്തിച്ചു. 

ഇന്ത്യന്‍ ഇന്നിംഗ്സില്‍ ആദ്യം നഷ്ടമായ വിക്കറ്റായിരുന്നു ഇത്. വിക്കറ്റ് വീഴ്ച്ചയില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ച റബാഡ ഇന്ത്യന്‍ താരത്തോട് കൈവീശീ ഡ്രസിംഗ് റൂമിലേക്ക് മടങ്ങാനാവശ്യപ്പെട്ടു. ടാറ്റാ ബൈ ബൈയ്ക്കൊപ്പം അശ്ലീല പദപ്രയോഗവും നടത്തി. കളിക്കളത്തില്‍ താരങ്ങളുടെ പെരുമാറ്റം സംബന്ധിച്ച് ശക്തമായ നിരീക്ഷണം ഐസിസി നടത്തുന്നതിനാല്‍ സംഭവത്തില്‍ താരത്തിനെതിരെ നടപടിയുണ്ടായേക്കും.

Scroll to load tweet…