ഹോപ്പിന്‍റെ റണ്‍ഔട്ടില്‍ കെ.എല്‍ രാഹുലിനെ ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. രാഹുലിന്‍റെ ത്രോ ഉയര്‍ന്നുചാടിയ കാര്‍ത്തിക്കിന്‍റെ തലയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്നു. എന്നിട്ടും ഹോപ്പ് റണ്‍ഔട്ടായി എന്നതാണ് ശ്രദ്ധേയം...
കൊല്‍ക്കത്ത: കൊല്‍ക്കത്ത ടി20യിലെ രസകരമായ നിമിഷമായിരുന്നു വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പിന്‍റെ റണ്‍ഔട്ട്. ഹോപ്പും ഹെറ്റ്മയറും ഒരേ ക്രീസിലേക്ക് മത്സരിച്ചോടിയപ്പോള്‍ മൈതാനത്ത് ചിരി പടരുകയായിരുന്നു. എന്നാല്‍ ഇതിനേക്കാളേറെ രസകരമായിരുന്നു ഈ റണ്‍ഔട്ടിനായി കെ.എല്‍ രാഹുല്‍ എറിഞ്ഞ ത്രോ.
പേസര്‍ ഖലീല്‍ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ ഷായ് ഹോപ്പ് സിംഗിളെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആശയക്കുഴപ്പത്തിനിടെ ഒരുവരും ഒരേ എന്‍ഡിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ ആരാണ് പുറത്തായതെന്ന സംശയം ബാക്കിയായി. നായകന്‍ രോഹിത് ശര്‍മ്മ അടക്കമുള്ള താരങ്ങള്‍ അതിശയത്തോടെയാണ് ഈ റണ്‍ഔട്ടിനോട് പ്രതികരിച്ചത്.
അനായാസ റണ്‍ഔട്ടിനായി രാഹുല്‍ എറിഞ്ഞ അലസമായ ത്രോ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉയര്‍ന്നുചാടിയിട്ടും എത്തിപ്പിടിക്കാനായില്ല. പിന്നാലെ ഓടിയെത്തിയ മനീഷ് പാണ്ഡെ പന്ത് കൈക്കലാക്കി സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. ഒരേ എന്‍ഡിലേക്ക് ഓടിയ വിന്‍ഡീസ് താരങ്ങള്‍ക്ക് മാത്രമല്ല, കെ.എല്‍ രാഹുലിനും സമൂഹമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ വന്‍ വരവേല്‍പാണ് നല്‍കിയത്.
