മുംബൈ: കോപ്പി ബുക്ക് ഷോട്ടുകളുടെ അതികായനായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍. സച്ചിന്‍റെ സ്‌ട്രൈറ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളും അപ്പര്‍ കട്ടുകളും ആരാധകര്‍ക്ക് മറക്കാനാകില്ല. ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ശീലിച്ച സാക്ഷാല്‍ ക്രിക്കറ്റ് ദൈവത്തെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ് ഒരു കുഞ്ഞുതാരത്തിന്‍റെ മനോഹരമായ കവര്‍ ഡ്രൈവ്. ബാറ്റ് ചെയ്തതാവട്ടെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ മുഹമ്മദ് കൈഫിന്‍റെ മകനും. ക്രിക്കറ്റ് ഇതിഹാസം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെ സമുഹമാധ്യമങ്ങളില്‍ കൈഫിന്‍റെ മകന്‍ താരമായിക്കഴിഞ്ഞു.
അതിമനോഹരമായി കൈഫ് ജൂനിയര്‍ കവര്‍ ഡ്രൈവ് ചെയ്യുന്നു എന്നായിരുന്നു സച്ചിന്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. സജീവ ക്രിക്കറ്റില്‍ നിന്ന് പതുക്കെ കൈഫ് അപ്രതക്ഷ്യമായെങ്കിലും മകന്‍ മികച്ച ബാറ്റ്സ്മാനായി പേരെടുത്തുവരികയാണെന്ന് വീഡിയോ തെളിയിക്കുന്നു. നാറ്റ്‌വെസ്റ്റ് സീരിസില്‍ യുവിക്കൊപ്പം തകര്‍ത്തടിച്ച് കപ്പുയര്‍ത്തിയ ദാദയുടെ സംഘത്തിലെ സൂത്രധാരനായിരുന്നു മുഹമ്മദ് കൈഫ്. ഇന്ത്യക്ക് ആദ്യമായി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന നായകനായിട്ടും സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ കൈഫ് പതുക്കെ ദേശീയ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.
