ലങ്കാഷെയറിനെതിരെ 154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റേണ്‍ സ്റ്റോം സ്മൃതിയുടെ സെഞ്ചുറി മികവില്‍ അനായാസം ലക്ഷ്യത്തിലെത്തി.
ലണ്ടന്‍: ഇംഗ്ലീഷ് വനിതാ കൗണ്ടി ട്വന്റി 20 ക്രിക്കറ്റില്‍ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ താരം സ്മൃതി മന്ഥാന. 61 പന്തില്‍ 102 റണ്‍സ് നേടിയ സ്മൃതിയുടെ കരുത്തില്‍ വെസ്റ്റേണ്‍ സ്റ്റോം ഏഴ് വിക്കറ്റ് ജയം നേടി. ലങ്കാഷെയര്‍ തണ്ടറിനെയാണ് വെസ്‌റ്റേണ്‍ സ്‌റ്റോം തോല്‍പ്പിച്ചത്. ലങ്കാഷെയറിനെതിരെ 154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റേണ്‍ സ്റ്റോം സ്മൃതിയുടെ സെഞ്ചുറി മികവില്‍ അനായാസം ലക്ഷ്യത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷെയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 153 റണ്‍സ്. ലങ്കാഷെയറിനായി കളത്തിലിറങ്ങിയ മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 12 ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെയാണ് സ്മൃതി മന്ഥാന 102 റണ്‍സെടുത്തത്. വിജയമുറപ്പിച്ച ഘട്ടത്തില്‍ 102 റണ്‍സുമായി മന്ഥാന പുറത്തായെങ്കിലും തൊട്ടുപിന്നാലെ ടീം വിജയത്തിലെത്തി.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ 48, 37, 52 നോട്ടൗട്ട് , 43 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു സ്മൃതിയുടെ സ്‌കോര്‍. 282 റണ്‍സ് നേടിയ സ്മൃതിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.
