സിഡ്നി: ഇരട്ട ഗോളുകള്‍ നേടിയാണ് സ്‌പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പ്രഫഷണല്‍ ഫുട്ബോളിലേക്ക് വരവറിയിച്ചത്. ഓസ്ട്രേലിയൻ ലീഗിൽ മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരായ സൗഹൃദ മത്സരത്തില്‍ സെൻട്രൽ കോസ്റ്റ് മറീനേഴ്സിന് വേണ്ടിയായിരുന്നു ബോള്‍ട്ടിന്‍റെ ഡബിള്‍. രണ്ടാം പകുതിയില്‍ 55, 69 മിനുറ്റുകളിലാണ് ബോള്‍ട്ട് വലകുലുക്കിയത്.

ട്രാക്കിലെ വേഗക്കുതിപ്പ് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ബോള്‍ട്ടിന്‍റെ ആദ്യ പ്രഫഷണല്‍ ഗോള്‍. പ്രതിരോധതാരത്തെ മിന്നല്‍കുതിപ്പില്‍ മറികടന്ന് ബോള്‍ട്ട് അതിസുന്ദരമായി ഫിനിഷ് ചെയ്തു. ബോള്‍ട്ടിന്‍റെ ഗോളുകളില്‍ മികച്ചത് ഇതായിരുന്നു എന്ന് നിസംശയം പറയാം. 


അറുപത്തിയൊമ്പതാം മിനുറ്റിലെ രണ്ടാം ഗോളിന് ബോള്‍ട്ടിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഗോളിയുടെയും പ്രതിരോധതാരത്തിന്‍റെയും പിഴവ് മുതലെടുത്ത താരം അനായാസം പന്ത് വലയിലാക്കുകയായിരുന്നു. 
 

മത്സരത്തില്‍ സെൻട്രൽ കോസ്റ്റ് മറീനേഴ്സ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ചു.