ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ റിഷഭ് പന്ത് മോശം ഷോട്ട് കളിച്ച് പുറത്തായപ്പോള്‍ സ്റ്റുപിഡ്...സ്റ്റുപിഡ്...സ്റ്റുപിഡ് എന്ന് വിശേഷിപ്പിച്ച ഗവാസ്കറുടെ വാക്കുകള്‍ വൈറലായിരുന്നു.
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ റിഷഭ് പന്തിനെ കമന്‍ററിക്കിടെ വാഴ്ത്തി മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ റിഷഭ് പന്ത് മോശം ഷോട്ട് കളിച്ച് പുറത്തായപ്പോള്‍ സ്റ്റുപിഡ്...സ്റ്റുപിഡ്...സ്റ്റുപിഡ് എന്ന് വിശേഷിപ്പിച്ച ഗവാസ്കറുടെ വാക്കുകള്‍ വൈറലായിരുന്നു. പിന്നീട് ഐപിഎല്ലിനിടെ ഗവാസ്കറുടെ കമന്‍ററിയെ അടിസ്ഥാനമാക്കിയുള്ള പരസ്യം പോലും വന്നു.
ഇന്ന് ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെയ റിഷഭ് പന്ത് തന്‍റെ ഏഴാം ടെസ്റ്റ് സെഞ്ചുറി തികച്ചപ്പോഴും സുനില്‍ ഗവാസ്കറും ഹര്‍ഷ ഭോഗ്‌ലെയുമായിരുന്നു കമന്‍ററി ബോക്സിലുണ്ടായിരുന്നത്. ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തി റിഷഭ് പന്ത് സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം സമ്മര്‍സോള്‍ട്ട് അടിച്ചപ്പോള്‍ ഹര്‍ഷ ഭോഗ്‌ലെയാണ് സുനില്‍ ഗവാസ്കറോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചത്. സൂപ്പര്‍...സൂപ്പര്‍...സൂപ്പര്‍ എന്ന മൂന്നുവാക്കുകളിലായിരുന്നു ഗവാസ്കര്‍ പന്തിന്‍റെ സെഞ്ചുറിയെ വിശേഷിപ്പിച്ചത്.
വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിനെ സിക്സിന് പറത്തി146 പന്തിലാണ് റിഷഭ് പന്ത് ഏഴാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. നാലാം വിക്കറ്റില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനൊപ്പം 147 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലും പന്ത് പങ്കാളിയായി. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന റിഷഭ് പന്ത് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനായി ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും മാത്രമായിരുന്നു നേടിയിരുന്നത്.
ഐപിഎല്‍ സീസണിലെ അവസാന മത്സരത്തിലായിരുന്നു സെഞ്ചുറി. 27 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്ക് ലക്നൗ ടീമിലെത്തിയ റിഷഭ് പന്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലെ മോശം പ്രകടനങ്ങളെയെല്ലാം മായ്ക്കുന്ന പ്രകടനമാണ് റിഷഭ് പന്ത് ഇന്ന് ലീഡ്സില്‍ പുറത്തെടുത്തത്. 134 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്ത് 12 ഫോറും ആറ് സിക്സും പറത്തി.


