ബാഴ്‌സലോണ: പല ഫ്രീകിക്കുകളും പ്രതിരോധിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്ര 'ഭയാനകമായ ഒരു വേര്‍ഷന്‍' ആദ്യമായിട്ടായിരിക്കും. ഇന്നലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ- ഇന്റര്‍മിലാന്‍ മത്സരത്തിനിടെയാണ് ഇന്റര്‍ മിലാന്‍ മധ്യനിരതാരം മാഴ്‌സെലോ ബ്രോസോവിച്ച് അവിശ്വസനീയമായ സേവ് നടത്തിയത്. മത്സരത്തിന്റെ 66ാം മിനിറ്റിലായിരുന്നു സംഭവം.

ഡി ബോക്‌സില്‍ നിന്ന് ലൂയിസ് സുവാരസിന്റെ ഫ്രീകിക്ക്. പ്രതിരോധ ചുമരിന് മുകളിലൂടെ അടിക്കാം. അല്ലെങ്കില്‍ താഴെക്കൂടെ. ഫ്രീകിക്ക് കിക്കെടുക്കാന്‍ ഓടിയെത്തിയ സുവാരസ് പ്രതിരോധ ചുമരിന് അടിയില്‍ക്കൂടെ ഷോട്ടുതിര്‍ത്തു. പന്ത് പ്രതിരോധ ചുമരും കടന്നു. എന്നാല്‍ മറ്റൊരു പ്രതിരോധം രക്ഷയ്‌ക്കെത്തി. ബ്രോസോവിച്ചിന്റെ തകര്‍പ്പന്‍ പ്രതിരോധം. സുവാരസ് കിക്കെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ബ്രോസോവിച്ച് പ്രതിരോധ ചുമരിന് തൊട്ടുപ്പിന്നിലായി കിടക്കുകയായിരുന്നു.

ഗോളുറച്ച സന്തോഷത്തില്‍ സുവാരസ് ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. എന്നാല്‍ 'ഇവനിത് എവിടുന്ന് പൊട്ടിമുളച്ചു'വെന്നുള്ള ചോദ്യമായി സുവാരസിന്റെ മുഖത്ത്. മത്സരം കാണാനെത്തിയ ലിയോണല്‍ മെസിക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. വീഡിയോ കാണാം..