ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 246ന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്തിട്ടുണ്ട്.
ബംഗളൂരു: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ലീഡ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 246ന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിനം ബാക്കി നില്‍ക്കെ ഇന്ത്യക്ക് 165 റണ്‍സ് ലീഡായി.
ഡബിള്‍ സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന മായങ്ക് അഗള്‍വാളും (220) സെഞ്ച്വറി നേടിയ പൃഥ്വി ഷാ (136)യുമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. രവികുമാര്‍ സമര്‍ഥാണ് (37) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (9) അഗര്‍വാളിന് കൂട്ടായി ക്രീസിലുണ്ട്. ഒന്നാം വിക്കറ്റില്‍ 277 റണ്‍സാണ് പൃഥ്വി ഷായും അഗര്‍വാളും കൂട്ടിച്ചേര്‍ത്തത്. 196 പന്തില്‍ നിന്നാണ് ഷാ ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 250 പന്തുകള്‍ നേരിട്ട അഗര്‍വാള്‍ ഇതുവരെ 31 ഫോറും നാല് സിക്‌സും നേടി.
നേരത്തെ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നവ്ദീപ് സൈനി, രജനീഷ് ഗുര്‍ബനി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
