കോലി ജിമ്മിലെത്തിയതിന് പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്
ദില്ലി: അയര്ലന്ഡ്- ഇംഗ്ലണ്ട് പര്യടനങ്ങള്ക്ക് മുന്പ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന് നായകന് വിരാട് കോലി. ഐപിഎല്ലിനിടെ കഴുത്തിന് പരിക്കേറ്റ കോലി കൗണ്ടി ക്രിക്കറ്റില് സറേക്കായുള്ള മത്സരങ്ങളില് നിന്ന് പിന്മാറിയിരുന്നു. ഫിറ്റ്നസ് വീണ്ടെുക്കാന് കടുത്ത ശ്രമത്തിലാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയ കോലിയിപ്പോള് ഒരു ഇടവേളയ്ക്ക് ശേഷം ജിമ്മില് പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
എന്നാല്, കോലിക്കൊപ്പം ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്മ്മയും ജിമ്മില് പരിശീലനത്തിലാണ്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങള് പുറത്തുവരുന്നത്. കോലി തന്നെയാണ് ഇന്സ്റ്റാഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. അയര്ലന്ഡ്- ഇംഗ്ലണ്ട് പര്യടനത്തിന് മുന്പ് ജൂണ് 15നാരംഭിക്കുന്ന ബിസിസിഐ മെഡിക്കല് സംഘത്തിന്റെ മേല്നോട്ടത്തിലുള്ള ഫിറ്റ്നസ് ടെസ്റ്റില് കോലിക്ക് വിജയിക്കേണ്ടതുണ്ട്.
അഫ്ഗാനെതിരെ ജൂണ് 14ന് ആരംഭിക്കുന്ന ചരിത്ര ടെസ്റ്റില് നിന്ന് പരിക്കുമൂലം കോലി പുറത്തായിരുന്നു. അഫ്ഗാനെതിരായ ടെസ്റ്റിന് ശേഷം ജൂണ് അവസാനം അയര്ലന്ഡിനെതിരെ രണ്ട് ടി20 മത്സരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലെ സാഹചര്യത്തില് യോയോ ടെസ്റ്റിന് ശേഷം മാത്രമേ കോലിക്ക് കളിക്കാനാകുമോ എന്ന് വ്യക്തമാകൂ. അയര്ലന്ഡ് പര്യടനത്തിന് ശേഷം ജൂലൈ മൂന്ന് മുതലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം.
