ബംഗളൂരു: വരുന്ന ലോകകപ്പില്‍ ആരാവും ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്സ്മാന്‍. അംബാട്ടി റായിഡു മുതല്‍ മനീഷ് പാണ്ഡെ വരെ പന്തരണ്ടോളം പേരെ ഇന്ത്യ ഇതുവരെ പരീക്ഷിച്ചു കഴിഞ്ഞു. ഓസ്ട്രേലിക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നാലാം നമ്പറിലിറങ്ങിയത് ഹര്‍ദ്ദീക് പാണ്ഡ്യയായിരുന്നു. പാണ്ഡ്യയാകട്ടെ 78 റണ്‍സടിച്ച് കളിയിലെ കേമനാകുകയും ചെയ്തു.

ഇതോടെ ഇതുവരെ നാലാം നമ്പറില്‍ ഇറങ്ങിയ മനീഷ് പാണ്ഡെയും മനീഷിന്റെ പകരക്കാരനായി ടീമിലുള്ള കെഎല്‍ രാഹുലും ഇനി എവിടെ കളിക്കുമെന്ന സുഖകരമായ പ്രതിസന്ധിയാണ് ടീം മാനേജ്മെന്റിന് മുന്നിലുള്ളത്. മൂന്നാം മത്സരത്തിലെ വിജയത്തിനുശേഷം ഡ്രസ്സിംഗ് റൂമില്‍വെച്ച് കോലി പാണ്ഡ്യയെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഇതിനുള്ള മറുപടി കിട്ടി.

മാന്‍ ഓഫ് ദ് മൊമന്റ്, മാന്‍ ഓഫ് ദ് മാച്ച്, നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടി പാണ്ഡ്യ മികച്ച പ്രകടനം കഴ്ചവെച്ചു എന്നു പറഞ്ഞുകൊണ്ടാണ് കോലി പാണ്ഡ്യയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത്. കെ എല്‍ രാഹുല്‍ പിന്നിലുണ്ടായിരുന്നു.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാണ്ഡ്യ പറഞ്ഞപ്പോള്‍ രാഹുലിനോടായി ചിരിച്ചുകൊണ്ട് കോലി പറഞ്ഞു, ഇനി നീ വല്ല ഐപിഎല്‍ ടീമിലും നോക്കിക്കോ. ഇതുകേട്ട പാണ്ഡ്യ പറഞ്ഞു, എനിക്കും ഐപിഎല്‍ കരാര്‍ വേണമെന്ന്. പിന്നെ പെട്ടെന്ന് തിരുത്തി, അല്ല എനിക്കുണ്ട്. ഇതിന്റെ വീഡിയോ കോലി തന്നെ ട്വീറ്റ് ചെയ്തു.

71 പന്തില്‍ 78 റണ്‍സടിച്ച പാണ്ഡ്യയായിരുന്നു മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. രാഹുലിനാകട്ടെ പരമ്പരയില്‍ ഇതുവരെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല.