മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് കളിക്കളത്തിന് പുറത്തെ ഒാമനത്തമുള്ള താരമാണ്. അവൾക്കൊപ്പം സെൽഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് മുമ്പും കോലി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഒടുവിൽ ഓസ്ട്രേലിയക്കെതിരായ ട്വന്‍റി മൽസരത്തിലെ ജയത്തിന് ശേഷം കൗതുകമുള്ള പോസ്റ്റും വീഡിയോയും ഇപ്പോൾ വൈറൽ ആയിരിക്കുന്നു.
ധോണിയുടെ മകൾ സിവയെ കൊഞ്ചിക്കുന്ന വീഡിയോയിൽ നിറയുന്നത് കുഞ്ഞിന്റെ നിഷ്കളങ്കതയാണ്. സിവയുമായി എന്റെ പുനഃസമാഗമം എന്ന കുറിപ്പോടെയാണ് കോലി വീഡിയോയും ചിത്രവും പോസ്റ്റ് ചെയ്തത്. കോലി സിവയെ കൊണ്ട് പൂച്ചയുടെ ശബ്ദം അനുകരിപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. കഴിഞ്ഞ മാർച്ചിൽ സിവക്കൊപ്പമുള്ള സെൽഫി കോലി ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തിരുന്നു. മനോഹരമായ സെൽഫി ലക്ഷകണക്കായ ആരാധകർ ആവേശപൂർവം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
