ചില മത്സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഇപ്പോഴും വേട്ടയാടാറുണ്ട്. ഉറപ്പായും ജയിക്കാമായിരുന്ന കളികള്‍ കൈവിടുന്നത് കണ്ട് അവര്‍ തലയില്‍ കൈവെച്ച് ഇരുന്നു പോയിട്ടുമുണ്ട്. ഒത്തുകളി ഭൂതം പുറത്തുചാടാതിരുന്ന കാലഘട്ടമായിരുന്നതിനാല്‍ അന്നത്തെ തോല്‍വികളെ അവര്‍ നിര്‍ഭാഗ്യമെന്ന് കരുതി ആശ്വസിച്ചു. എന്നാല്‍ ആ മത്സരങ്ങള്‍ ഇന്ന് കാണുമ്പോഴറിയാം എങ്ങനെയാണ് നമ്മള്‍ തോറ്റതെന്ന്, ആരൊക്കെയായിരുന്നു ഉത്തരവാദികളെന്നും. അത്തരമൊരു മത്സരമായിരുന്നു 1994ല്‍ നടന്ന ഇന്ത്യാ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരം.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഫില്‍ സിമണ്‍സിന്റെയും(65) കീത്ത് ആതര്‍ട്ടന്റെയും(72) ബാറ്റിംഗ് മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. ആറോവര്‍ മാത്രം ബൗള്‍ ചെയ്ത മനോജ് പ്രഭാകര്‍ വഴങ്ങിയത് 50 റണ്‍സ്. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി പ്രഭാകറും സച്ചിനും നല്ല തുടക്കമിട്ടു. 34 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായശേഷം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ അസ്ഹറുദ്ദീനും ബാറ്റിംഗില്‍ തിളങ്ങി.

മത്സരത്തില്‍ സെഞ്ചുറി നേടി(154 പന്തില്‍ 102) പുറത്താകാതെ നിന്ന പ്രഭാകര്‍ റണ്ണൗട്ടാക്കിയത് മൂന്ന് ബാറ്റ്സ്മാന്‍മാരെ. സിദ്ദു, ജഡേജ, കാംബ്ലി എന്നിവരാണ് പ്രഭാകറുടെ വിളി വിശ്വസിച്ച് ക്രീസ് വിട്ടോടി പുറത്തായത്. എന്നിട്ടും ഇന്ത്യയ്ക്ക് അനായാസം ജയിക്കാമായിരുന്നു. ജയിക്കാന്‍ അവസാന 54 പന്തില്‍ വേണ്ടിയിരുന്നത് 63 റണ്‍സ് മാത്രം. എന്നാല്‍ ജഡേജ റണ്ണൗട്ടായതോടെ ക്രീസിലെത്തിയ നയന്‍ മോംഗിയയും പ്രഭാകറും ചേര്‍ന്ന് അടുത്ത നാലോവറില്‍ അടിച്ചെടുത്തത് വെറും അഞ്ച് റണ്‍സ്. അവസാന അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് നേടിയതാകട്ടെ 11 റണ്‍സും.

കളി പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ നേടിയത് 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് മാത്രം. മോംഗിയയും പ്രഭാകറും പുറത്താകാതെ നിന്നു. 21 പന്ത് നേരിട്ട മോംഗിയ നേടിയത് നാലു റണ്‍സ്. വിജയത്തിനായി ഒരിക്കലും ഇരുവരും ശ്രമിച്ചതേയില്ല. മത്സരത്തിനിടെ നിരവധി റണ്ണൗട്ട് അവസരങ്ങള്‍ മോംഗിയ മന:പൂര്‍വം പാഴാക്കുകയും ചെയ്തു. ഈ മത്സരം ഒത്തുകളിയായിരുന്നോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ കളിയുടെ വീഡിയോ ഇന്ന് കാണുന്നവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാവും.