കാണാം ഇംഗ്ലീഷ് വിക്കറ്റ് കീപ്പറുടെ വണ്ടര്‍ ക്യാച്ച്

ഇംഗ്ലണ്ട്: ടോം മൂര്‍സ്...ആ പേര് ക്രിക്കറ്റ് പ്രേമികള്‍ ഓര്‍ത്തുവെക്കുന്നത് നന്നായിരിക്കും. വരുംകാല ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ ഈ ഇംഗ്ലീഷ് താരമായിരിക്കും. കൗണ്ടി ക്രിക്കറ്റില്‍ നോട്ടിംഗ്ഹാംഷെയറിനായി ടോം എടുത്ത ക്യാച്ചുകള്‍ കണ്ടാല്‍ ഇക്കാര്യം വ്യക്തമാണ്. യോര്‍ക്‌ഷെയറിനെതിരായ മത്സരത്തിലെടുത്ത പറക്കും ക്യാച്ചുകള്‍ തന്നെ ഉദാഹരണം. ടോം വായുവിലാണോ ജീവിക്കുന്നത് എന്ന് പോലും ഒരു നിമിഷം നമ്മള്‍ ചിന്തിച്ചുപോകും.

നോട്ടിംഗ്ഹാംഷെയര്‍ പേസര്‍ എറിഞ്ഞ മനോഹരമായ ബൗണ്‍സറിലാണ് ടോമിന്‍റെ ആദ്യ ക്യാച്ച് പിറന്നത്. കുത്തിയുയര്‍ന്ന പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ബാറ്റ്സ്മാന് പിഴച്ചപ്പോള്‍ ഒറ്റക്കുതിപ്പില്‍ വായുവില്‍ നിന്ന് പന്ത് ടോം മൂര്‍ കവര്‍ന്നെടുത്തു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് ബാറ്റിലുരസി പറന്നപ്പോള്‍ സമാനമായ രീതിയില്‍ ചാടിയുയര്‍ന്ന് ഒറ്റക്കൈയില്‍ പിടിച്ചതാണ് രണ്ടാം വിക്കറ്റ്. എന്തായാലും ഇംഗ്ലീഷ് ടീമിലെ ഭാവിതാരമായിരിക്കും ഈ 21കാരനെന്ന് നിസംശയം പറയാം.
കാണാം ഇംഗ്ലീഷ് വിക്കറ്റ് കീപ്പറുടെ വണ്ടര്‍ ക്യാച്ച്