മാലിയില്‍ മാലിദ്വീപ് ക്രിക്കറ്റ് ടീമിനെതിരെ എയര്‍ ഇന്ത്യക്കായി യുവി പറത്തിയ ഈ ഷോട്ട് കാണുക. ആരാധകര്‍ക്ക് സന്തോഷമടക്കാനാവുന്നില്ല. 

മാലി: ഇന്ത്യന്‍ ക്രിക്കറ്റിലെ പോരാട്ട വീര്യത്തിന്‍റെ പേരാണ് യുവ്‌രാജ് സിംഗ്. അര്‍ബുദത്തെ ഇച്ഛാശക്‌തി കൊണ്ട് തോല്‍പിച്ച പ്രതിഭ. മുപ്പത്തിയേഴാം വയസില്‍ ഇന്ത്യന്‍ ടീമിന് പുറത്ത് അവസരത്തിനായി കാത്തുനില്‍ക്കുമ്പോഴും യുവി ആരാധകര്‍ക്ക് സമ്മാനിക്കുന്നത് ഈ പോരാട്ട വീര്യമാണ്. മാലിയില്‍ മാലിദ്വീപ് ക്രിക്കറ്റ് ടീമിനെതിരെ എയര്‍ ഇന്ത്യക്കായി യുവി പറത്തിയ ഈ ഷോട്ട് തന്നെ ഉദാഹരണം. 

ക്രിക്കറ്റിന്‍റെ സൗന്ദര്യശാസ്ത്രങ്ങളില്‍ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിവേര്‍‌സ് സ്വീപ്പ് ഷോട്ടിലൂടെ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പായിക്കുകയായിരുന്നു ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍. മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിയും വൈസ് പ്രസിഡന്‍റ് ഫൈസല്‍ നസീമും അണിനിരന്ന ടീമിനെതിരെയായിരുന്നു യുവിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. യുവിയുടെ റിവേര്‍‌സ് സ്വീപ്പ് കണ്ട് ആരാധകര്‍ക്ക് സന്തോഷമടക്കാനാവുന്നില്ല. 

View post on Instagram
Scroll to load tweet…

രണ്ട് രാജ്യങ്ങളുടെ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ക്രിക്കറ്റ് തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നായിരുന്നു മത്സരശേഷം യുവിയുടെ പ്രതികരണം. 2011 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന് പുറത്താണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും താരം സജീവമാണ്. ഐ പി എല്ലില്‍ 2019 സീസണില്‍ ഒരു കോടി രൂപയ്ക്ക് യുവിയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.