2024 ടി20 ലോകകപ്പിലെ കോഹ്‌ലിയുടെ സമാന ഫോമിലൂടെയാണ് അഭിഷേക് ശർമയും കടന്നുപോകുന്നത്, ബാർബഡോസിലെ ഐതിഹാസിക ഇന്നിങ്സ് ആവർത്തിക്കാൻ അഭിഷേകിന് കഴിയുമോ എന്നാണ് ആകാംഷ

ഞങ്ങള്‍ക്ക് ഇപ്പോഴും അവനില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ട്. ഫൈനല്‍ അവന്റെ ദിവസമായിരിക്കുമെന്ന് ഞാൻ കരുതുന്നു - ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിന് ശേഷം അഭിഷേക് ശര്‍മയുടെ ഫോമില്‍ ആശങ്ക ഉന്നയിച്ചവരോട് സഞ്ജു സാംസണ്‍ പറഞ്ഞു.

സഞ്ജു ഈ വാക്കുകള്‍ അവസാനിപ്പിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ വന്നത് 2024 ടി20 ലോകകപ്പ് സെമി ഫൈനലിന് ശേഷം അന്നത്തെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ വിരാട് കോഹ്ലിയെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ്. ഫൈനല്‍ എത്തും വരെ തന്റെ ഐതിഹാസിക കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയായിരുന്നു കോഹ്ലി കടന്നുപോയിരുന്നത്. അയാള്‍ അത്രത്തോളം റണ്‍വരള്‍ച്ച അനുഭവിച്ച മറ്റൊരു ടൂ‍ര്‍ണമെന്റുണ്ടായിട്ടില്ല. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 75 റണ്‍സ് മാത്രം.

അന്ന് രോഹിത് പറഞ്ഞു, കോഹ്ലിയെ സംബന്ധിച്ച് ഫോം ഒരു പ്രശ്നമല്ല, He is looking good, the intent is there. He's probably saving for the finals. പിന്നീട് ബാർബഡോസില്‍ കണ്ടത് ഒരുപതിറ്റാണ്ടിലധികം നീണ്ട ഇന്ത്യയുടെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാൻ കോഹ്‌ലി അമരത്ത് നില്‍ക്കുന്നതിനായിരുന്നു, The King delivered when it mattered most. ഫൈനലിലെ താരം.

2024ലെ കോഹ്‌ലിയുടെ സമാന ഫോമിലൂടെയാണ് അഭിഷേക് ശർമയും കടന്നുപോകുന്നത്. ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററായി ടൂർണമെന്റ് ആരംഭിച്ചു. ലോകകപ്പിലെ ടോപ് സ്കോററും താരവുമെല്ലാം അഭിഷേകായിരിക്കുമെന്ന് ക്രിക്കറ്റ് പണ്ഡിതർ പ്രവചിച്ചനങ്ങള്‍ നടത്തി. പക്ഷേ, സ്വന്തം ബാറ്റിങ് നിരയിലെ ഏറ്റവും വലിയ ദുർബല കണ്ണിയായി ഇടം കയ്യൻ ബാറ്റർ മാറുകയായിരുന്നു. മൂന്ന് തുടർ ഡക്കുകള്‍ ഉള്‍പ്പെടെ നാല് ഒറ്റക്ക സ്കോറുകള്‍. ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 89 റണ്‍സ് മാത്രം. കരിയർ സ്ട്രൈക്ക് റേറ്റ് 190ന് മുകളിലാണെങ്കില്‍ ലോകകപ്പില്‍ അഭിഷേകിന്റേത് 130 ആണ്.

ആശ്ചര്യപ്പെടുത്തുന്ന വസ്തുത അഭിഷേകിന്റെ ടി20 കരിയറിലാദ്യമായാണ് തുടർച്ചയായി ലോ സ്കോറുകളില്‍ പുറത്താകുന്ന പാറ്റേണ്‍ സംഭവിക്കുന്നത്. ഹൈ റിസ്ക്ക് ഹൈ റിവാര്‍ഡ് ഗെയിമിന്റെ ആള്‍രൂപമാണ് അഭിഷേക്, സ്വഭാവികമായും എല്ലാ ദിവസങ്ങളും തന്റേതാകണമെന്നില്ല. പക്ഷേ, അഭിഷേകിനെതിരെ കൃത്യമായ പദ്ധതികള്‍ മെനഞ്ഞായിരുന്നു ടീമുകള്‍ ലോകകപ്പിന് എത്തിയത്, അത് യുഎസ്എയ്‌ക്ക് എതിരായ ആദ്യ മത്സരത്തില്‍ തന്നെ വ്യക്തമായി.

അഭിഷേകിന്റെ ട്രേഡ് മാർക്ക് ലോഫ്റ്റഡ് ബാക്ക്ഫുട്ട് പഞ്ചിന് സ്വീപ്പർ കവറില്‍ ഫീല്‍ഡെറെ കാത്തുവെച്ചായിരുന്നു യുഎസ്എ വിക്കറ്റ് നേടിയെടുത്തത്. പാക്കിസ്ഥാനും നെതർലൻഡ്‌സും ഇംഗ്ലണ്ടും ഓഫ് സ്പിൻ ട്രാപ്പ് പ്രയോഗിച്ചു. അഭിഷേക് വിക്കറ്റ് നല്‍കിയത് സല്‍മാൻ അലി അഗയ്ക്കും ആര്യൻ ദത്തിനും വില്‍ ജാക്ക്‌സിനുമാണ്, പാർട്ട് ടൈം ബൗളര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ യാൻസണിന്റെ സ്ലോ ബോള്‍ തന്ത്രം ഫലം കണ്ടു. വിൻഡീസിന് വേണ്ടി അക്കീല്‍ ഹൊസൈനായിരുന്നു അഭിഷേകിനെ മടക്കിയത്. വീണ്ടുമൊരു സ്പിന്നര്‍.

ഫൈനലില്‍ മുന്നിലെത്തുന്നത് ന്യൂസിലൻഡായിരുന്നു. ജനുവരിയില്‍ അവസാനിച്ച ന്യൂസിലൻഡ് പരമ്പരയില്‍ ഓള്‍ ഓ‍ര്‍ നതിങ് എന്ന പറയുന്നതുപോലെയായിരുന്നു അഭിഷേകിന്റെ പ്രകടനങ്ങള്‍. 35 പന്തില്‍ 84, പൂജ്യം, 20 പന്തില്‍ 68, പൂജ്യം, 16 പന്തില്‍ 30 എന്നിങ്ങനെയാണ് സ്കോറുകള്‍ വന്നത്. ലോകകപ്പില്‍ അഭിഷേകിന്റെ മോശം ഫോമിനെ മറികടക്കാൻ സഞ്ജു സാംസണ്‍, ഇഷാൻ കിഷൻ എന്നിവരുടെ മുൻനിരയിലെ പ്രകടനങ്ങള്‍ ഇന്ത്യക്ക് തുണയായിട്ടുണ്ട്.

ലോകകപ്പില്‍ മൂന്ന് തവണ ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ അഭിഷേകിനെ കാത്ത് ന്യൂസിലൻഡ് നിരയില്‍ കോള്‍ മക്കോഞ്ചിയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനലില്‍ ഒരൊറ്റ ഓവര്‍ മാത്രമാണ് ഓഫ് സ്പിന്നറായ മക്കോഞ്ചി എറിഞ്ഞത്. നേടിയ വിക്കറ്റുകള്‍ ഇടം കയ്യൻ ബാറ്റര്‍മാരായ ക്വിന്റണ്‍ ഡി കോക്കിന്റേയും റയാൻ റിക്കല്‍ട്ടണിന്റേതും. അഭിഷേകും ഇഷാനും ഉള്‍പ്പെടുന്ന ടോപ് ത്രീയിലേക്ക് സാന്റനര്‍ മക്കോഞ്ചിയെ അയക്കുമെന്നതില്‍ തര്‍ക്കങ്ങളില്ല.

ഇവിടെ അഭിഷേക് പിന്തുടരേണ്ട സമീപനം ഇംഗ്ലണ്ടിനെതിരെ ഇഷാൻ സ്വീകരിച്ചതാണ്. സ‌‌ഞ്ജുവിന് സ്ട്രൈക്ക് കൈമാറുക, തന്റെ അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കുക. പ്രത്യേകിച്ചും സഞ്ജു ഫോമിലും തുടരുന്ന പശ്ചാത്തലത്തില്‍. ന്യൂസിലൻഡ് നിരയിലെ പ്രധാന സ്പിന്നര്‍മാരായ സാന്റനെതിരെ മികച്ച റെക്കോ‍ര്‍ഡാണ് അഭിഷേകിനുള്ളത്. 9 പന്തില്‍ 25 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 277. അഭിഷേക് തനതുശൈലിയിലേക്ക് മടങ്ങിയെത്തിയാല്‍ സഞ്ജുവിനെതിരെ പന്തെറിയാൻ സാന്റനറും വൈകും. ഇന്ത്യക്ക് മുൻതൂക്കവുമുണ്ടാകും.

മോശം ഫോമില്‍ തുടരുന്ന അഭിഷേകിനെ ഫൈനലില്‍ കൈവിടാൻ ഒരിക്കലും ഇന്ത്യ തയാറായേക്കില്ല. കാരണം അഭിഷേകിന്റേതായ ദിവസങ്ങളില്‍ ബാറ്റിങ് നിരയിലെ മറ്റാരുടേയും സഹായം ഇന്ത്യക്ക് ആവശ്യമായി വരില്ല എന്നതുകൊണ്ട് തന്നെ. ഇനി അങ്ങനെയൊരു മാറ്റത്തിന് ഇന്ത്യ തുനിഞ്ഞാല്‍ ഏക ഓപ്ഷൻ റിങ്കു സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി ഇഷാനെ ഓപ്പണിങ് സ്ഥാനത്തേക്ക് മടക്കിയെത്തിക്കുക എന്നാണ്, സാധ്യത വിരളം മാത്രം.

ബാര്‍ബഡോസിലെ വിരാട് കോഹ്ലിയെ ആവര്‍ത്തിക്കാനായല്‍ ലോകകപ്പിലെ ഇതുവരെയുള്ള വീഴ്ചകള്‍ ഒറ്റ രാത്രികൊണ്ട് മായ്ക്കാൻ അഭിഷേകിനാകും.

Powered by: