പാരിസ്: പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ റയലിലേക്കെന്ന അഭ്യൂഹങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ നെയ്മറെ റയല്‍ മാഡ്രിഡിലേക്ക് അടുപ്പിക്കില്ലെന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ റൊണോയ്ക്കെതിരെ ഒളിയമ്പുമായി ബ്രസീലിയന്‍ താരം രംഗത്തെത്തി. 

ചാംമ്പ്യന്‍സ് ലീഗില്‍ റയലിനെ പരാജയപ്പെടുത്തി കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്നതായി നെയ്മര്‍ വെളിപ്പെടുത്തി. അവസാന 16ല്‍ ഏറ്റുമുട്ടിയാല്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗിന് പുറത്തേക്ക് പറഞ്ഞുവിടുമെന്നാണ് നെയ്മറിന്‍റെ ഭീഷണി. കഴിഞ്ഞ തവണ അവസാന 16ല്‍ ഇടം നേടാതെ പുറത്ത് പോയ ടീമാണ് പാരിസ് സെയ്ന്റ് ജര്‍മ്മന്‍. 

എന്നാല്‍ നെയ്മറുടെ പ്രസ്താവനയോട് സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച്ച സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ നടക്കുന്ന എല്‍ ക്ലാസിക്കോക്കുള്ള തയ്യാറെടുപ്പിലാണ് റയല്‍ മാഡ്രിഡിപ്പോള്‍. അതേസമയം കഴിഞ്ഞ സീസണിലേക്കാള്‍ മികച്ച രിതിയിലാണ് പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍റെ ഇത്തവണ കളിക്കുന്നത്.