അഫ്ഗാന്‍ താരമായ റാഷിദ് ഖാന്‍റെ മാന്ത്രിക പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറാന്‍ സണ്‍റൈസേര്‍സ് ഹൈദരബാദിന് തുണയായത്

കൊല്‍ക്കത്ത: അഫ്ഗാന്‍ താരമായ റാഷിദ് ഖാന്‍റെ മാന്ത്രിക പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറാന്‍ സണ്‍റൈസേര്‍സ് ഹൈദരബാദിന് തുണയായത്. ബാറ്റുകൊണ്ട് അവസാന നിമിഷം വെടിക്കെട്ട് തീര്‍ത്ത് ഹൈദരാബാദിനെ 150 റണ്‍സിനു മേല്‍ പ്രതിരോധിക്കാവുന്ന സ്‌കോര്‍ ഉണ്ടാക്കിക്കൊടുത്ത് റാഷിദ് ആദ്യം കൈയ്യടി വാങ്ങി. പിന്നാലെ അടിച്ചു മുന്നേറിയ കൊല്‍ക്കത്തയെ പന്തുകൊണ്ടും ഈ മാന്ത്രികന്‍ പിടിച്ചുകെട്ടുകയായിരുന്നു. 10 പന്തില്‍ 34 റണ്‍സ് എടുത്ത റാഷിദ് ഖാന്‍ മൂന്നു വിക്കറ്റും വീഴ്ത്തി

അഫ്ഗാന്‍ താരത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ഇതിഹാസ താരം സച്ചിന്‍ തെണ്ടൂല്‍ക്കറും ലോകോത്തര ബാറ്റ്‌സ്മാന്‍ എന്ന് റാഷിദ് ഖാനെ പ്രശംസിച്ചു. അതിനിടയില്‍ റാഷിദിന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. പിന്നാലെ റാഷിദിനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് പൗരത്വ വിഷയത്തില്‍ ചൂടന്‍ മറുപടിയും നല്‍കി.

Scroll to load tweet…

ക്രിക്കറ്റിന് ഒരു മുതല്‍ക്കൂട്ടാണ് റാഷിദ് ഖാനെന്നും എന്നാല്‍ അദേഹത്തെ മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയെ ടാഗ് ചെയ്തുകൊണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

മികവ് പുറത്തെടുക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയ ഇന്ത്യയിലെ സുഹൃത്തുക്കളോട് നന്ദിയും പറഞ്ഞു. ഇതിനിടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര വകുപ്പാണ് പൗരത്വം സംബന്ധിച്ച് തീരുമാനം എടുക്കുന്നതെന്ന് ട്വീറ്റ് ചെയ്ത സുഷ്മ പിന്നാലെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.