ചണ്ഡീഗഡ്: ഓസ്‍ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബല ടീമാണ് ഇത്തവണ ഇന്ത്യന്‍ പര്യടനം നടത്തുന്നതെന്ന് ഹ‍ര്‍ഭജന്‍ സിംഗ്. ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. ന്യുസീലന്‍ഡിനെയും ഇംഗ്ലണ്ടിനെയും ബംഗ്ലാദേശിനെയും തകര്‍ത്ത വിരാട് കൊഹ്‌ലിക്കും സംഘത്തിനും ആത്മവിശ്വാസമേകുന്ന വാക്കുകളാണ് ഇന്ത്യയുടെ ടര്‍ബണേറ്റര്‍ പറഞ്ഞത്.

ഓസ്‍ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെഏറ്റവും ദുര്‍ബല ടീമാണ് ഇത്തവണ ഇന്ത്യന്‍ പര്യടനം നടത്തുന്നത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാരെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്ന ബാറ്റ്സ്മാന്‍മാര്‍ ഓസീസ് നിരയിലില്ല. ഇംഗ്ലണ്ട് നടത്തിയ പോരാട്ടവീര്യംപോലും ഓസീസില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. പരമ്പര ഇന്ത്യക്ക് അനായാസം സ്വന്തമാക്കാമെന്നും ഇന്ത്യയുടെ എക്കാലത്തേയും മികച്ച
മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

മാത്യു ഹെയ്ഡന്‍, മൈക്കല്‍ സ്ലേറ്റര്‍, ആഡം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിംഗ് വോ സഹോദരന്‍മാര്‍ എന്നിവരടങ്ങിയ ഓസീസിനെതിരെ 2001ലെ പരമ്പരയില്‍ ഹര്‍ഭജന്‍ ഹാട്രിക് ഉള്‍പ്പടെ 32 വിക്കറ്റ് വീഴ്ത്തിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെ മാത്രമേ, ഇന്ത്യ ഭയപ്പെടേണ്ടതുള്ളൂ. വിരാട് കൊഹ്‌ലി നയിക്കുന്ന ബാറ്റിംഗ് നിര ഇന്ത്യന്‍ സാഹചര്യത്തില്‍ സുശക്തമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.