ബെംഗളുരുവിനെതിരായ മത്സരത്തിന് മുമ്പ് ആരാധകര്‍ക്ക് നന്ദിയറിയിച്ച് താരം
കൊച്ചി: ഐഎസ്എല്ലില് ബെംഗളുരു എഫ്സിക്കെതിരെ അതിനിര്ണായക മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള് തീരുമാനിക്കുന്ന മത്സരത്തിന് മുമ്പ് മഞ്ഞപ്പട ആരാധകര്ക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടീമിലെ ഇംഗ്ലീഷ് പ്രതിരോധ താരം വെസ് ബ്രൗണ്.
സീസണില് ടീമിനെ പിന്തുണച്ച എല്ലാ ആരാധകര്ക്കും നന്ദിയറിയിക്കുന്നതായി മുന് ഇംഗ്ലണ്ട് താരം പറഞ്ഞു. ഹോം മത്സരത്തിലും എവേ മത്സരത്തിലും പിന്തുണച്ച ബ്ലാസ്റ്റേഴ്സ് ആരാധകര് തന്നെ അതിശയിപ്പിച്ചു. പ്ലേ ഓഫ് സാധ്യതകള് തങ്ങളുടെ കയ്യിലല്ലെങ്കിലും ബെംഗളുരുവിനെതിരായ മത്സരത്തില് വിജയത്തിനായി അവസാനം വരെ പോരാടുമെന്നും വെസ് ബ്രൗണ് പറഞ്ഞു. സീസണില് 13 മത്സരങ്ങള് കളിച്ച വെസ് ബ്രൗണ് നോര്ത്ത് ഈസ്റ്റിനെതിരെ ഒരു ഗോള് നേടിയിരുന്നു.
ബെംഗളുരുവിനെതിരായ വിജയത്തിന് പുറമെ മറ്റ് ടീമുകളുടെ വിജയപരാജയങ്ങളും അനുസരിച്ചായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രവേശം. സീസണിന്റെ തുടക്കത്തില് അനാവശ്യ സമനിലകള് വഴങ്ങിയതും കൂടുതല് തോല്വികള് ഏറ്റുവാങ്ങിയതുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
