സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നാലാമിന്നിംഗ്‌സ് കണക്കുക്കളുടെ സത്യാവസ്ഥയെന്താണ്? ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഫാന്‍ബേസ് എത്ര വലുതാണ്? പി.വി.സിന്ധുവിന്റെ ഗെയിമിലെ ദുര്‍ബലമായ കണ്ണി ഏതാണ്? വിഷയം ഏതുമായ്‌ക്കോട്ടെ 'കളിക്കള'ത്തിലെ ചര്‍ച്ചകള്‍ക്ക് നാട്ടിന്‍പുറത്തെ മക്കാനകളിലെ കട്ടനേക്കാള്‍ ചൂടു കൂടുതലാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നാലാമിന്നിംഗ്‌സ് കണക്കുക്കളുടെ സത്യാവസ്ഥയെന്താണ്? ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഫാന്‍ബേസ് എത്ര വലുതാണ്? പി.വി.സിന്ധുവിന്റെ ഗെയിമിലെ ദുര്‍ബലമായ കണ്ണി ഏതാണ്? വിഷയം ഏതുമായ്‌ക്കോട്ടെ 'കളിക്കള'ത്തിലെ ചര്‍ച്ചകള്‍ക്ക് നാട്ടിന്‍പുറത്തെ മക്കാനകളിലെ കട്ടനേക്കാള്‍ ചൂടു കൂടുതലാണ്.എന്താണീ കളിക്കളം എന്നല്ലേ? പറയാം...

കൂട്ടായ്മകളുടെ കാലമാണിത്; ഒത്തുകൂടലുകളുടെയും. പങ്കിട്ടെടുത്ത ഓര്‍മ്മകളെ തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ഒട്ടു മിക്ക ഒത്തുകൂടലുകളുമെങ്കില്‍ അത്തരം ഒരോര്‍മ്മയുടെയും അല്‍ഗോരിതമില്ലാതെയാണ് കളിക്കളം എന്ന കായികപ്രേമികളുടെ വാട്ട്‌സ് ആപ് കൂട്ടായ്മ അതിന്റെ ആദ്യ ഒത്തുകൂടല്‍ 12/04/2018 ന് കടവന്ത്ര ജോജോ ഫുട്‌ബോള്‍ അരീനയില്‍ നടന്നത്. 250ലേറെ അംഗങ്ങളുള്ള കളിക്കളം ജനപ്രിയ കായികയിനങ്ങളായ ഫുട്ബാളിലും,ക്രിക്കറ്റിലും മാത്രമൊതുങ്ങി നില്‍ക്കാതെ ആവിഷ്‌കൃതമായ കായികയിനങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഘടനാ സമ്പ്രദായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു പല വാട്ട്‌സ് ആപ് ഗ്രൂപ്പുകളില്‍ നിന്നും വിഭിന്നമായി കായികവിഷയങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ചര്‍ച്ചകളാണ് കളിക്കളത്തിനെ ശ്രദ്ധേയമാക്കുന്നത്. പീക്ക് സമയത്തെ, ഗ്രൂപ്പിലെ മെസേജ് ട്രാഫിക്ക് അതിശയിപ്പിക്കും വിധമാണ്.

വെര്‍ച്വല്‍ റിയാലിറ്റിയുടെ മായാലോകത്തു നിന്നും ഒരൊത്തുകൂടലിന്റെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ഒരു സായാഹ്നം ആസൂത്രണം ചെയ്യുമ്പോള്‍,നാലഞ്ച് കായികയിനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം അതെന്ന് തീരുമാനിക്കാന്‍ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് നിമിഷങ്ങള്‍ മതിയായിരുന്നു.അങ്ങനെ ആഫ്രിക്കയില്‍ തുടങ്ങി ഇങ്ങ് ലക്ഷദ്വീപില്‍ വരെ താമസിക്കുന്ന പല പശ്ചാത്തലങ്ങളില്‍ ഉളള 250ല്‍ ഏറെ വരുന്ന കളിക്കളം ഗ്രൂപ്പിലെ 75ലേറെ അംഗങ്ങള്‍ തങ്ങളുടെ ജീവിതത്തിലെ ചെറുതും,വലുതുമായ തിരക്കുകളൊക്കെ മാറ്റി വെച്ച് കഴിഞ്ഞ ദിവസം ഒത്തുകൂടി.മൂന്നു നാലു മണിക്കൂര്‍ നേരം ഫുട്‌ബോളും,ക്രിക്കറ്റും കളിച്ചു.

വാട്ട്‌സ് ആപില്‍ മണിക്കൂറുകളോളം,മെസ്സിയുടെയും,റൊണാള്‍ഡോയുടെയും കേളീശൈലികളെപറ്റി തര്‍ക്കിച്ചവര്‍ ആദ്യമായി കണ്ടു;കെട്ടിപ്പിടിച്ചു.മതി വരുവോളം നേരില്‍ സംസാരിച്ചു.ഗ്രൂപ്പിലെ വി.ഐ.പി. അംഗങ്ങളായ പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ തുടങ്ങിയവര്‍ ഒരു ചെറുചിരിയോടെ,അതിലേറെ അത്ഭുതത്തോടെ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയുടെ കായികപ്രേമത്തെ നോക്കി നിന്നു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്ബാള്‍ കരിയറിലെ ഏറ്റവും മികച്ച ഒരു നിമിഷത്തെ തന്റെ അതിശയിപ്പിക്കുന്ന ശബ്ദഗാംഭീര്യത്താല്‍ അമരത്വമേകിയ ഷൈജുവിന്റെ മാന്ത്രികശബ്ദം മിനിറ്റുകളോളം കളിക്കളം ഗ്രൂപ്പിന്റെ ഫുട്ബാള്‍ മത്സരത്തെ ധന്യമാക്കി.ഒടുവില്‍ വിക്ടര്‍ മഞ്ഞിലയെന്ന മലയാളിയുടെ ഫുട്ബാള്‍ ആചാര്യന്റെ സാന്നിധ്യം കൂടിയായപ്പോള്‍ ആ സായാഹ്നം അവിസ്മരണീയമാകുകയായിരുന്നു.അദ്ദേഹത്തെ ആദരിച്ചുകൊണ്ട് ചടങ്ങവസാനിക്കുമ്പോള്‍ ആദ്യന്തം ആവേശം മുറ്റിനിന്ന ഒരു ഫുട്ബാള്‍ മത്സരം കണ്ട പ്രതീതിയിലായിരുന്നു എല്ലാ അംഗങ്ങളും;ഒപ്പം അടുത്ത ഒത്തു ചേരലിനായുള്ള കാത്തിരിപ്പിലും.