മുംബൈ: ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറിക്ക് ഇന്ന് ഏഴ് വയസ്. 2010 ഫെബ്രുവരി 24നാണ് ക്രിക്കറ്റ് ലോകം അന്നുവരെ അസാധ്യമെന്ന് കരുതിയ ബാറ്റിംഗ് പ്രകടനത്തിന് ഗ്വാളിയോര്‍ സാക്ഷ്യം വഹിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ആ നേട്ടം കൈവരിച്ചത് എന്നത് ഓരോ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതായി.

ഏകദിന ക്രിക്കറ്റ് പിറന്നിട്ട് 39 വര്‍ഷം പിന്നിടുമ്പോഴും അസാധ്യമെന്നാണ് ഈ നേട്ടത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നത്. സയിദ് അന്‍വറും ചാള്‍സ് കവന്‍ട്രിയുമൊക്കെ അടുത്തെത്തിയെങ്കുിലും 200 എന്ന മാന്ത്രിക സംഖ്യ അകന്നു നിന്നു. എന്നാല്‍ ബാറ്റിംഗില്‍ അസാധ്യമെന്ന് കരുതിയിരുന്ന പലതും സാധ്യമാക്കിയ ക്രിക്കറ്റ് ദൈവം ആ റെക്കോഡും സ്വന്തം പേരിലാക്കി. 2010 ഫെബ്രുവരി 24ന്. അതും ഡേല്‍ സ്റ്റെയ്ന്‍ നയിച്ച ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ആക്രമണത്തെ നേരിട്ട്.

ഓപ്പണിംഗില്‍ ഒപ്പമെത്തിയ സെവാഗ് ഒമ്പത് റണ്‍സിന് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക്കും യൂസഫ് പത്താനും പിന്നെ ധോണിയും സച്ചിന് കൂട്ടായി. ഒടുവില്‍ ഗ്വാളിയോറിലെ ക്യാപ്റ്റന്‍ രൂപ് സിംഗ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന നിമിഷം. 2962 മത്തെ ഏകദിന മത്സരത്തില്‍ പുതുചരിത്രം കുറിച്ച് ക്രിക്കറ്റ് ദൈവം.

അതിന് ശേഷം സേവാഗും രോഹിതും ഗെയ്‌ലും ഗപ്ടിലുമൊക്കെ 200 എന്ന മാന്ത്രിക സംഖ്യ മറികടന്നു. പക്ഷെ ഇനിയെത്ര പേര്‍ ചന്ദ്രനില്‍ കാലുകുത്തിയാലും നീല്‍ ആംസ്ട്രോംഗിനെ മനുഷ്യനുള്ളിടത്തോളം മറക്കില്ല.അതുപൊലെ തന്നെ സച്ചിന്റെ ഈ നേട്ടവും ക്രിക്കറ്റ് ലോകം എന്നെന്നും ഓര്‍ത്തിരിക്കും.