യുവന്‍റസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂട്ടാളി ആരാവും എന്നാണ് ആരാധകരുടെ ചര്‍ച്ച. ചീവോയ്ക്കെതിരായ മത്സരത്തില്‍ മികവ് കാട്ടാനാവാതെ പോയ ഡിബാലയ്ക്ക് പകരം മാന്‍ഡ്‌സുക്കിനെ പരീക്ഷിക്കണമെന്ന് ആവശ്യം. മാന്‍സുക്കിച്ച് എത്തിയതോടെ ചീവോയ്ക്കെതിരെ റോണോ കൂടുതല്‍ അപകടകാരിയായിരുന്നു.

ടൂറിന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലെത്തിയതോടെ ഒരു കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായി. മുന്നേറ്റനിരയില്‍ റോണോയ്ക്കൊപ്പം ആരെ പരീക്ഷിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് സീരിസ് എ ക്ലബ്. റയല്‍ മാഡ്രിഡിലെ സുരക്ഷിതമായ ഫോര്‍മേഷനില്‍നിന്ന് പുതിയ ക്ലബിലെത്തുമ്പോള്‍ ആശയക്കുഴപ്പങ്ങള്‍ സ്വാഭാവികം. റയലില്‍ റോണോയ്ക്ക് കരുത്തുപകരാന്‍ മികവുറ്റ മുന്നേറ്റ- മധ്യനിരകളുണ്ടായിരുന്നു.

അര്‍ജന്‍റീനന്‍ താരം പൗലോ ഡിബാലയും ക്രൊയേഷ്യന്‍ എഞ്ചിന്‍ മാരിയോ മാന്‍സുക്കിച്ചുമാണ് യുവന്‍റസില്‍ റോണോയ്ക്ക് സഹായികളാവാന്‍ സാധ്യതയുള്ളവര്‍‍‍‍. എന്നാല്‍ ചിവോയ്ക്കെതിരെ കഴിഞ്ഞ ആഴ്ച്ച നടന്ന മത്സരത്തില്‍ ഡിബാലയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ആരാധകര്‍ 'ഡിബാല്‍ഡോ' എന്ന് ഈ സഖ്യത്തെ വിശേഷിപ്പിക്കുമ്പോഴും അഞ്ച് തവണ ബാലന്‍ ഡി ഓര്‍ ജേതാവായ റോണോയുടെ വേഗത്തിനൊപ്പമെത്താന്‍ ഡിബാലയ്ക്ക് ആയില്ല. എന്നാല്‍ ലോകകപ്പില്‍ തിളങ്ങിയ മാന്‍സുക്കിച്ചിനെ നിയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്ന് വിലയിരുത്തുന്നവരുണ്ട്.

ചീവോയ്ക്കെതിരായ മത്സരത്തില്‍ മാന്‍സുക്കിച്ചിന്‍റെ വരവോടെ റോണോ കൂടുതല്‍ താളം കണ്ടെത്തി. മത്സരത്തില്‍ സൂപ്പര്‍ താരത്തെ കൂടുതല്‍ അപകടകാരിയാക്കാന്‍ മാന്‍സുക്കിച്ചിനായി. യുവന്‍റസില്‍ റോണോയുടെ 'കരിം ബെന്‍സേമ' ആകാന്‍ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ലോകത്തെ ഏറ്റവും അപകടകാരിയായ ഫിനിഷര്‍ക്ക് കൂടുതല്‍ ഗോളവസരങ്ങളൊരുക്കാന്‍ മാന്‍സുക്കിച്ചിന് ആവുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ റോണോയുടെ വരവോടെ മറ്റ് താരങ്ങള്‍ നിഴലില്‍ മറയും എന്ന ഭയവും ആരാധകര്‍ക്കുണ്ട്.