ലണ്ടന്‍: ബോള്‍ട്ട് വിടവാങ്ങുമ്പോള്‍ പിന്‍ഗാമിയെ തേടുകയാണ് ലോക അത്‌ലറ്റിക്‌സ്. ദക്ഷിണാഫ്രിക്കന്‍ താരം വെയിഡ് വാന്‍ നീകെര്‍ക്ക് അടുത്ത സൂപ്പര്‍ താരം ആകുമെന്നാണ് ബോള്‍ട്ടിന്റെ പ്രവചനം. റിയോ ഒളിംപിക്‌സിലെ 400 മീറ്ററില്‍ വെയിഡ് വാന്‍ നീകെര്‍ക് ലോക റെക്കോര്‍ഡ് തകര്‍ക്കുമ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതികരണമാണിത്.
ട്രാക്കില്‍ തനിക്ക് ശേഷം ആരെന്ന ചോദ്യത്തിന് വാന്‍നീകെര്‍ക് എന്ന മറുപടി നല്‍കാന്‍ ബോള്‍ട്ടിനെ പ്രേരിപ്പിക്കുന്നതും മൈക്കല്‍ ജോണ്‍സന്റെ റെക്കോര്‍ഡ്
തകര്‍ത്ത ഈ പ്രകടനമാകും. 100 മീറ്ററില്‍ 10 സെക്കന്‍ഡില്‍ താഴെയും 200 മീറ്റര്‍ 20 സെക്കന്‍ഡില്‍ താഴെയും 400 മീറ്ററില്‍ 44 സെക്കന്‍ഡില്‍ താഴെയും
സമയത്തില്‍ പൂര്‍ത്തിയാക്കിയ ആദ്യ അത് ലറ്റ് കൂടിയാണ് 25കാരനായ നീകെര്‍ക്.
റിയോ ഒളിംപിക്‌സിന് മുന്‍പ് ബോള്‍ട്ടും നീകെര്‍ക്കും ഒരുമിച്ച് പരിശീലിക്കുകയും ചെയ്തിരുന്നു സാധ്യതാപട്ടികയില്‍ മുന്നിലുള്ള മറ്റൊരു താരം കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് ആണ്. കാറ്റിന്റെ സഹായത്തോടെ ഈ സീസണില്‍ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ ഡി ഗ്രാസ് റിയോ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ ജേതാവുമാണ്.
ലോക ചാംപ്യന്‍ഷിപ്പില്‍ 2 തവണ ബോള്‍ട്ടിനെ പിന്നിലാക്കിയതോടെ അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാനും ഇനിയങ്ങോട്ട് ശ്രദ്ധിക്കപ്പെടും. ടെന്നിസി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായ ഈ 21കാരന്റെ 9.82 സെക്കന്‍ഡ് സമയമാണ് ഈ വര്‍ഷം 100 മീറ്ററിലെ മികച്ച പ്രകടനവും. ബോള്‍ട്ട് പിന്മാറുമ്പോള്‍ ഏഷ്യക്കും പ്രതീക്ഷയുണ്ട്. ജപ്പാന്റെ 18കാരന്‍ സ്‌പ്രിന്റര്‍ അബ്ബുള്‍ ഹക്കീം സാനി ബ്രൗണ്‍ ഇപ്പോഴെ ഒരു വിസ്മയമാണ്. ലോക യൂകത്ത് അത് ലറ്റിക്‌സില്‍
ബോള്‍ട്ടിന്‍റെ 200 മീറ്റര്‍ റെക്കോരോര്‍ഡ് തകര്‍ത്തത് സാനി ബ്രൗണ്‍ ആയിരുന്നു.
അമേരിക്കയുടെ ട്രെയ്വന്‍ ബ്രോമെല്‍ ജമൈക്യുടെ നിജല്‍ എല്ലിസ്, ഫ്രാന്‍സിന്‍റെ ജിമ് വിക്കോട്ട് എന്നിവരും ടോക്യോയില്‍ സുവര്‍ണപ്രതീക്ഷയുമായി ഇറങ്ങുന്നുണ്ടാകും. അത് ലറ്റിക്‌സിനോട് താത്പര്യം ഇല്ലാതിരുന്നവരെ പോലും സ്റ്റേഡിയത്തില്‍ എത്തിച്ച ബോള്‍ട്ടിന് പിന്‍ഗാമിയാകാന്‍ ഇതുവരെ പ്രകടിപ്പിച്ച മികവൊന്നും മതിയാകില്ല ഈ അതിവേഗക്കാര്‍ക്കെന്ന് മാത്രം.
