തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ട് ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് (എം) തകർന്നടിഞ്ഞു. എന്നാൽ, പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗം മത്സരിച്ച എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് യുഡിഎഫിൽ കരുത്ത് തെളിയിച്ചു.
കോട്ടയം: മധ്യകേരത്തിലെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ മാണി ഗ്രൂപ്പിനെ പാടെ ഇല്ലാതാക്കിയ തിരഞ്ഞെടുപ്പ് ഫലമാണ് ഇന്നുണ്ടായത്. മത്സരിച്ച 12 സീറ്റിലും ജോസ് കെ മാണിയും കൂട്ടരും തോറ്റു. എന്നാൽ മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും ജയിച്ച് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ചാന്പ്യൻമാരുമായി.
മാണി സാറിൻ്റെ പാലായിൽ പിന്നെയും തോറ്റു മകൻ ജോസ്. ഭൂരിപക്ഷം ഇത്തിരി കുറഞ്ഞാലും ഇത്തവണ പാലാ പിടിക്കാമെന്ന പ്രതീക്ഷയിൽ കരിങ്കോഴയ്ക്കൽ തറവാടിനു മുന്നിൽ കാത്തുനിന്ന കേരള കോൺഗ്രസ് പ്രവർത്തകരെല്ലാം നിരാശരായി. പാലായിൽ മാത്രമല്ല അങ്ങ് ഇടുക്കിയിൽ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വിപ്പ് ജയരാജും തോറ്റു.പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെയും റാന്നിയിൽ പ്രമോദ് നാരായണന്റെയും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളിന്റെയും പരാജയം കൂടി ആയതോടെ പാർട്ടി രൂപീകരണത്തിന് ശേഷം നിയമസഭയിൽ ഒരംഗം പോലും ഇല്ലാത്ത ഗതികേടിലേക്ക് വീണുപോയി മാണി ഗ്രൂപ്പ്.
ഇടതുപക്ഷത്തെ കേരള കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ യുഡിഎഫിന് ഒപ്പം നിന്ന് കേരള കോൺഗ്രസ് കരുത്തുകാട്ടുന്ന കാഴ്ചയും ഇന്ന് കണ്ടു കേരളം. പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് കാഞ്ഞങ്ങാട് ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും തകർപ്പൻ വിജയം. പിജെ ജോസഫിൻ്റെ പിൻഗാമിയായി തൊടുപുഴയിൽ മൽസരിച്ച മകൻ അപു ജോൺ ജോസഫ് 40,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗംഭീര വിജയം നേടി. തിരുവല്ല, കടുത്തുരുത്തി, കുട്ടനാട്, ചങ്ങനാശേരി, കോതമംഗലം, ഇരിങ്ങാലക്കുട സീറ്റുകളും ജയിച്ച ജോസഫ് ഗ്രൂപ്പ് യുഡിഎഫിൽ രണ്ടു മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാൻ പാകത്തിലുള്ള കരുത്തുമായാണ് വമ്പൻ തിരിച്ചുവരവ് നടത്തിയത്.





