നാഗ്പൂര്‍: ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. ഇന്ത്യന്‍ അണ്ടര്‍ 19 ടീം ട്രെയിനറായ രാജേഷ് സാവന്തിന്റെയും ഇന്ത്യന്‍ ടീം അംഗമായ മുഹമ്മദ് ഷാമിയുടെ അച്ഛന്‍ തൗസിഫ് അലിയുടെയും മരണത്തില്‍ അനുശോചിക്കാനായാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.
ഇന്ന് രാവിലെയാണ് സാവന്തിനെ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച നടന്ന ഇറാനി ട്രോഫി മത്സരത്തില്‍ സാവന്ത് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനൊപ്പം ട്രെയിനറായി ഉണ്ടായിരുന്നു. ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് ഏകദിനങ്ങള്‍ കളിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ടീമിനൊപ്പം ചേരാനിരിക്കെയാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ ടീം അംഗമായി മുഹമ്മദ് ഷാമിയുടെ പിതാവ് തൗസിഫ് അലി വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്.
