കരീബിയന്‍ ക്രിക്കറ്റിലെ പുത്തന്‍ വിസ്‌മയമായ റഖീം കോണ്‍വാളിനെക്കുറിച്ചാണ് ക്രിക്കറ്റ് പ്രേമികളുടെ ഇന്നത്തെ സംസാരം. കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അടിച്ചുതകര്‍ത്ത കോണ്‍വാളിനെ എങ്ങനെയെങ്കിലും ക്രീസില്‍നിന്ന് ഒഴിവാക്കാന്‍ എതിര്‍ ടീം നായകനായ കീറോണ്‍ പൊള്ളാര്‍ഡ് പുറത്തെടുത്ത കുതന്ത്രമാണ് ഇപ്പോള്‍ ഏറെ വിമര്‍ശനവിധേയമായിരിക്കുന്നത്. കരീബിയന്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്‌സും സെന്റ് ലൂസിയ സ്റ്റാര്‍സും തമ്മിലുള്ള മല്‍സരത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാര്‍ബഡോസ് ട്രിഡന്റ്സ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത സെന്റ് ലൂസിയ സ്റ്റാര്‍സിനുവേണ്ടി കോണ്‍വാള്‍ അടിച്ചുതകര്‍ത്തപ്പോള്‍ വിജയം അനായാസമാകുമെന്ന് തോന്നിച്ചു. എന്നാല്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ പതിനാറാമത്തെ ഓവറിലെ നാലാം പന്ത്‍, കോണ്‍വാളിന്റെ 'മിഡില്‍ സ്റ്റംപ്‌'തകര്‍ത്തു. വേദനകൊണ്ട് പുളഞ്ഞ കോണ്‍വാളിന് നടക്കാനും നില്‍ക്കാനുമാകാത്ത അവസ്ഥ. രണ്ടു ഓവര്‍ കൂടി കളിച്ചുനോക്കിയെങ്കിലും വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടം ദുഷ്‌ക്കരമായി. ഇതോടെ ക്രീസ് വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി. അങ്ങനെ പതിനെട്ടാമത്തെ ഓവറില്‍ കോണ്‍വാള്‍ റിട്ടേഡ് ഹര്‍ട്ടായി ക്രീസ് വിട്ടു. 44 പന്തില്‍ 78 റണ്‍സെടുത്ത കോണ്‍വാള്‍ ആറു സിക്‌സറും ഏഴു ബൗണ്ടറികളും പറത്തിയിരുന്നു. സ്‌പിന്നെന്നോ പേസെന്നോ വ്യത്യാസമില്ലാതെ പൊള്ളാര്‍ഡിനെയും കൂട്ടരെയും അടിച്ചുപറത്തിയാണ് കോണ്‍വാള്‍ മുന്നറിയത്. കോണ്‍വാള്‍ റിട്ടേര്‍ഡ് ഹര്‍ട്ട് ആയി പുറത്തായതിന് പകരമെത്തിയ ഡാരന്‍ സമിക്ക് പക്ഷെ ടീമിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. സെന്റ് ലൂസിയ സ്റ്റാര്‍സ് 29 റണ്‍സിന് പുറത്താകുകയായിരുന്നു. ആറടി അഞ്ചിഞ്ച് ഉയരവും 148 കിലോ ഭാരവുമുള്ള റഖീം കോണ്‍വാളിന്റെ ആജാനബാഹുവായ ശരീരപ്രകൃതിയാണ് എവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.