ദില്ലി: ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗ് റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറേക്കാള്‍ കേമമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഓസ്ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സച്ചിനുപോലും കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കൊഹ്‌ലി പുറത്തെടുത്ത പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗാംഗുലി പറഞ്ഞു. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ അതും തന്റെ രണ്ടാമത്തെ മാത്രം ഓസ്ട്രേലിയന്‍ പര്യടനത്തില്‍, അവിശ്വസനീയമെന്നേ കൊഹ്‌ലിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാനാവു. സച്ചിന്‍പോലും അത്തരമൊരു പ്രകടനം പുറത്തെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല-ഗാംഗുലി പറഞ്ഞു.
പൂനെ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും കൊഹ്‌ലി പരാജയപ്പെട്ടെങ്കിലും അദ്ദേഹം ശക്തമായി തിരിച്ചുവരും. കാരണം ഓസ്ട്രേലിയക്കെതിരായ കൊഹ്‌ലിയുടെ റെക്കോര്‍ഡ് അനുപമമാണ്. പൂനെ ടെസ്റ്റില്‍ കൊഹ്‌ലി പരാജയപ്പെട്ടെന്നത് ശരിതന്നെ. പക്ഷെ കൊഹ്‌ലിയും ഒരു മനുഷ്യനാണ്. അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടാകും. ആദ്യ ഇന്നിംഗ്സില്‍ മോശം ഷോട്ട് കളിച്ചാണ് കൊഹ്‌ലി പുറത്തായത്. പക്ഷെ കൊഹ്‌ലി മാത്രമല്ല മറ്റുള്ളവരും അദ്ദേഹത്തൊപ്പം ഉറച്ചുനില്‍ക്കണം. ഡിആര്‍എസ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യ കുറച്ചുകൂടി കരുതല്‍ എടുക്കണമെന്ന് പറഞ്ഞ ഗാംഗുലി രണ്ടാം ടെസ്റ്റില്‍ ജയന്ത് യാദവിന് പകരം കരുണ്‍ നായര്‍ക്ക് അവസരം നല്‍കണമെന്നും വ്യക്തമാക്കി.
ഗാംഗുലിയെ അഭിപ്രായത്തെ സാധൂകരിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഓസ്ട്രേലിയക്കെതിരെ കൊഹ്‌ലി ഇതുവരെ പുറത്തെടുത്തിട്ടുള്ളത്. 2011-2015 കാലയളവില്‍ ഓസ്ട്രേലിയയില്‍ കളിച്ച എട്ട് ടെസ്റ്റില്‍ നിന്ന് 62 റണ്‍സ് ശരാശരിയില്‍ കൊഹ്‌ലി 992 റണ്‍സ് നേടിയപ്പോള്‍ 1991 മുതല്‍ 2012വരെയുള്ള കാലയളവില്‍ ഓസ്ട്രേലിയയില്‍ കളിച്ച 20 ടെസ്റ്റില്‍ നിന്നായി 53.02 ശരാശരിയില്‍ 1809 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.
