മെല്‍ബണ്‍: കോലിയെ യുവതാരങ്ങള്‍ മാതൃകയാക്കരുതെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആഡം ഗില്‍ക്രിസ്റ്റ്. കളിയില്‍ മാത്രമല്ല, കളിക്കളത്തിലെ വാഗദ്വങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും കോഹ്‌ലി മിടുക്കനാണ്. എന്നാല്‍ കോലിയുടെ ഈ അക്രമണോത്സുകത യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രവുമായി സംസാരിക്കുകയായിരുന്നു മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം

ഞാന്‍ കോലിയുടെ ടീമിലാണെങ്കില്‍ അദ്ദേഹത്തെ പോലെയാവാന്‍ എനിക്കാവില്ല. നമ്മുടെ ചിന്താഗതിക്കും വിശ്വാസത്തിനും അനുസരിച്ചേ നമുക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കാനാകൂ. എന്‍റെയും കോലിയുടെയും ചിന്താഗതി സമാനമല്ല. പക്ഷേ ഗ്രൗണ്ടില്‍ കോലിയെപ്പോലെ അല്ലാത്തവരൊക്കെ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമില്ലെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.

മനസ്സുറപ്പില്ലാത്ത രീതിയിലാണ് ഗ്രൗണ്ടില്‍ ധൈര്യം ഭാവിക്കുന്നതെങ്കില്‍ അത് നിങ്ങളെ ഒരു സമയത്ത് വീഴ്ത്തിക്കളയും. നിങ്ങളുടെ അഭിനയം ഒരിക്കല്‍ പിടിക്കപ്പെടും. ഗില്‍ക്രിസ്റ്റ് പറയുന്നു. അക്രമോണത്സുകത നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ടതാണെന്നും അല്ലാതെ ഒരാളെ അനുകരിച്ചുണ്ടാക്കേണ്ടതല്ലെന്നും യുവതലമുറ മനസ്സിലാക്കണമെന്നും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി.