ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആരാധകരെ അമ്പരപ്പിച്ച തീരുമാനമായിരുന്നു ഹര്‍ദ്ദീക് പാണ്ഡ്യയെ നാലാം നമ്പറിലിറക്കിയത്. രഹാനെയുടെ വിക്കറ്റ് വീണപ്പോള്‍ കോലിക്ക് കൂട്ടായി മനീഷ് പാണ്ഡെ എത്തുമെന്നായിരുന്നു ഏവരും കരുതിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന മനീഷ് പാണ്ഡെയ്ക്ക് മികച്ച പ്രകടനം പുറത്തെടുത്ത് നാലാം നമ്പറില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് ക്രീസിലെത്തിയത് പാണ്ഡ്യ.

ക്രീസിലെത്തിയ ഉടന്‍ തകര്‍പ്പനടികളുമായി പാണ്ഡ്യ കളം നിറയുകയും കളി ഓസീസിന്റെ കൈയില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ പാണ്ഡ്യയെ എന്തുകൊണ്ട് നാലാം നമ്പറിലിറക്കിയെന്ന് സഞ്ജയ് മഞ്ജരേക്കര്‍ ചോദിച്ചപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ആ രഹസ്യം പരസ്യമാക്കി. അത് കോച്ച് രവി ശാസ്ത്രിയുടെ തീരുമാനമായിരുന്നു. സ്പിന്നര്‍മാരെ ആക്രമിച്ച് കളിക്കാവുന്ന താരത്തെ ആയിരുന്നു ആ സമയത്ത് ആവശ്യം. കോച്ച് രവി ശാസ്ത്രിയുടെ ആശയയമായിരുന്നു അത്. ക്രീസിലെത്തിയ ഉടന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറിനെ സിക്സറിന് പറത്തി പാണ്ഡ്യ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി ഇന്ത്യ കാത്തിരുന്ന ഓള്‍ റൗണ്ടറാണ് പാണ്ഡ്യയെന്നും കോലി വ്യക്തമാക്കി. പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് സന്തുലനം നല്‍കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് പാണ്ഡ്യ വലിയ മുതല്‍ക്കൂട്ടാണെന്നും കോലി വ്യക്തമാക്കി. 72 പന്തില്‍ 78 റണ്‍സെടുത്ത പാണ്ഡ്യ വിജയത്തിനരികെയാണ് പുറത്തായത്.