ന്യൂയോര്‍ക്ക്: അമേരിക്കയ്‌ക്കെതിരെ സെമിയില്‍ ഇറങ്ങുന്ന മെസിപ്പടയ്‌ക്ക് ഒരു കണക്ക് തീര്‍ക്കാന്‍ കൂടിയുണ്ട്. 1990 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനിയന്‍ തോല്‍വിക്ക് കാരണമായ യുര്‍ഗന്‍ ക്ലിന്‍സ്മാന്‍ ആണ് ഇപ്പോള്‍ അമേരിക്കന്‍ പരിശീലകന്‍. ലോകകപ്പ് ചരിത്രം ഓര്‍മ്മിക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത കലാശപ്പോരാട്ടമായിരുന്നു അത്. മറഡോണയുടെ അര്‍ജന്റീനയും മത്തേയൂസിന്റെ ജര്‍മ്മനിയും മര്യാദ മറന്ന് കളത്തില്‍.

ഒടുവില്‍ ക്ലിന്‍സ്മാന്റെ അഭിനയത്തില്‍ റഫറി വീണപ്പോള്‍ ജര്‍മ്മനി മുന്നില്‍ കയറി. പെഡ്രോ മോന്‍സോന്റെ അടുത്തുകൂടി പോയ ക്ലിന്‍സ്മാന്‍ വൈദ്യുതാഘാതം ഏറ്റ പോലെ ഗ്രൗണ്ടില്‍ വീണു പിടഞ്ഞു. ലോകകപ്പ് ഫൈനലുകളില്‍ ആദ്യമായി റഫറി ചുവപ്പുകാര്‍ഡ് പുറത്തെടുത്തപ്പോള്‍, അര്‍ജന്റീന പത്താളിലേക്ക് ചുരുക്കി
ഏറെ വൈകും മുന്‍പേ വിവാദ പെനാല്‍റ്റിയില്‍ ജര്‍മ്മനി ചാമ്പ്യന്മാരുമായി.

മോന്‍സോനെ പുറത്താക്കാനായി പരിക്ക് അഭിനയിച്ച ക്ലിന്‍സ്മാനോട് പൊറുക്കാന്‍ ആര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഒരിക്കലും കഴിഞ്ഞേക്കില്ല. എന്നാല്‍ കോപ്പ സെമിയില്‍ ക്ലിന്‍സ്മാന്‍ പരിശീലിപ്പിക്കുന്ന അമേരിക്കയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുന്നത് അര്‍ജന്റീനക്ക് വലിയ ആശ്വാസമാകും. ചുരുങ്ങിയപക്ഷം മറഡോണയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന മെസിക്കെങ്കിലും.