കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരായിരിക്കുമെന്നതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ അവസാനിച്ചിട്ടില്ല. പരിശീലകസ്ഥാനത്തേക്ക് അപേക്ഷ അയക്കാനുള്ള അവസാന തീയതി ബിസിസിഐ നീട്ടിയിട്ടുമുണ്ട്. എന്നാല്‍ ആരായിരിക്കും ഇന്ത്യന്‍ കോച്ചെന്ന ചോദ്യത്തിന് കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ഉപദേശകസമിതി അംഗം കൂടിയായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നല്‍കിയ മറുപടി രസകരമായിരുന്നു. ഇന്ത്യയെ കളി ജയിപ്പിക്കാന്‍ കഴിയുന്ന ആളായിരിക്കണം അടുത്ത കോച്ചെന്നായിരുന്നു ഗാംഗുലിയുടെ മറുപടി.

പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി യോജിച്ച് പോകാന്‍ കഴിയുന്ന ആളെയായിരിക്കും സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി തെരഞ്ഞെടുക്കുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂലൈ ഒമ്പത് വരെയാണ് പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. നേരത്തെ അപേക്ഷിച്ചവരെയും പരിഗണിക്കും.

ബിസിസിഐയുടെ നിര്‍ദേശം കൂടി കണക്കിലെടുത്താകും പുതിയ കോച്ചെന്ന് ഗാംഗുലി പറഞ്ഞു. ജൂലൈ 21ന് തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ ലഭിക്കുമെന്നാണ് കരുതുന്നത്.