മുംബൈ: അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്ഥാനെ തോല്‍പിക്കുമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്. അതിര്‍ത്തിയിലെ സൈനികരെ നിരാശരാക്കില്ലെന്നും ശ്രീജേഷ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എന്നും ആവേശകരമാണ്. തോല്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. ഇത്തവണ പക്ഷെ കാര്യങ്ങള്‍ കുറേക്കൂടി വ്യത്യസ്തമാണ് ശ്രീജേഷ് പറയുന്നു.

പാകിസ്ഥാനെ തോല്‍പിക്കാന്‍ ഓരോ കളിക്കാരനും കഴിവിന്റെ പരമാവധി ശ്രമിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുമായുള്ള മത്സരം തോല്‍ക്കുന്നത് ആലോചിക്കാനാകുന്നില്ല. നമുക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ അതിര്‍ത്തിയിലെ സൈനികരെ നിരാശരാക്കില്ലെന്നും ശ്രീജേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബംഗലൂരുലില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം.

ഏഷ്യന്‍ റാങ്കിംഗില്‍ മുന്നിലുള്ള ആറ് രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 23നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. പാകിസ്ഥാന്‍ ടീമിന്റെ നിലവരാം ഇപ്പോള്‍ വളരെ താഴെയാണെന്ന് പറഞ്ഞ ശ്രീജേഷ് മാനസികമായി ഏറെ കരുത്തരാണ് അവരെന്നും ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു ടീമിനെയും വലികുറച്ച് കാണുന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു.