ജൊഹ്‌നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയത്തിന്റെ പടിവാതിലിലാണ് ടിം ഇന്ത്യ. 287 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലാം ദിനം ക്രീസ് വിടുമ്പോള്‍ 35/3 എന്ന പരിതാപകരമായ അവസ്ഥയിലും. ജയത്തിലേക്ക് ഇനിയും 252 റണ്‍സകലം. സമനില പോലും വിജയതുല്യമെന്നിരിക്കെ രാഹുര്‍ ദ്രാവിഡിനുശേഷം ഇന്ത്യയുടെ രണ്ടാം വന്‍മതിലായ ചേതേശ്വര്‍ പൂജാരയിലാണ് ടീമിന്റെ മുഴുവന്‍ പ്രതീക്ഷകളും. 11 റണ്‍സെടുത്തു നില്‍ക്കുന്ന പൂജാരയുടെ പ്രതിരോധം തകര്‍ന്നാല്‍ പിന്നെ പരാജയത്തിലേക്ക് അധികം ദൂരമുണ്ടാവില്ല. നാലാം ദിനം തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയെക്കൂടി നഷ്ടമായതോടെ വിജയമെന്ന സ്വപ്നം ഇന്ത്യ പാതി കൈവിട്ടു.
സെഞ്ചൂറിയനിലെ അപ്രവചനീയ ബൗണ്‍സും ടേണുമെല്ലാമുള്ള പിച്ചില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് പൂജാരക്കുമാത്രമാണ്. നാലാം ദിനം മോണി മോര്‍ക്കലിന്റെ പന്ത് പൂജാരയുടെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്യാതിരുന്നത് ഇന്ത്യക്ക് തുണയായി. ടിവി റീപ്ലേകളില്‍ പൂജാരയുടെ ബാറ്റില്‍ പന്ത് കൊണ്ടുവെന്ന് വ്യക്തമായിരുന്നു. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കാതിരുന്നതും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ റിവ്യൂ ചെയ്യാതിരുന്നതുമാണ് ഇന്ത്യയെ കാത്തത്. പൂജാരക്ക് ലഭിച്ച ഭാഗ്യം അവസാന ദിനം ഇന്ത്യയെയും തുണക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
സമനില വിട്ട് വിജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെങ്കില്‍ അതിന് രണ്ടുപേരുടെ പ്രകടനം നിര്‍ണായകമാവും. രോഹിത് ശര്‍മയുടെയും ഹര്‍ദ്ദീക് പാണ്ഡ്യയുടെതേും. ഇരുവരും നിലയുറപ്പിച്ചാല്‍ വിജയം ഇന്ത്യക്ക് അസാധ്യമല്ല. എന്നാല്‍ പിച്ചിന്റെ വെല്ലുവിളി അതിജീവിക്കാന്‍ ഇരുവര്‍ക്കും കഴിയുമോ എന്നതാണ് വലിയ ചോദ്യം.
