ലണ്ടന്‍: റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തി. ക്വാര്‍ട്ടറില്‍ മാരിന്‍ സിലിച്ചിന്റെ ശക്തമായ വെല്ലുവിളിയെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ മറികടന്നാണ് ഫെഡറര്‍ സെമിയിലെത്തിയത്. ആദ്യ രണ്ടു സെറ്റും നേടി അട്ടിമറി പ്രതീക്ഷ ഉയര്‍ത്തിയ സിലിച്ചിനെ അടുത്ത മൂന്നു സെറ്റ് നേടിയാണ് ഫെഡറര്‍ കീഴടക്കിയത്. സ്കോര്‍-6-7 (4-7) 4-6 6-3 7-6 (11-9) 6-3

മൂന്ന് മണിക്കൂറും 20 മിനിട്ടും നീണ്ട പോരാട്ടത്തില്‍ രണ്ട് സെറ്റുകളില്‍ പിന്നിലായ ഫെഡറര്‍ നാലാം സെറ്റില്‍ മൂന്ന് മാച്ച് പോയന്റുകള്‍ അതിജീവിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. കരിയറില്‍ ഇത് പത്താം തവണയാണ് ആദ്യ രണ്ട് സെറ്റില്‍ പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് ഫെഡറര്‍ ജയിച്ചു കയറുന്നത്. ആറാം സീഡ് കാനഡയുടെ മിലോസ് റാവോണിക് ആണ് സെമിയില്‍ ഫെഡററുടെ എതിരാളി. നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചെത്തിയ സാം ക്വറേയെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ കീഴടക്കിയാണ് റാവോണിക് സെമിയിലെത്തിയത്. സ്കോര്‍: 6-4, 7-5, 5-7, 6-4.

ഏഴു തവണ വിംബിള്‍ഡണില്‍ കിരീടം നേടിയിട്ടുള്ള ഫെഡറര്‍ ഇത് പതിനൊന്നാം തവണയാണ് സെമിയിലെത്തുന്നത്. ക്വാര്‍ട്ടറിലെ വിജയത്തോടെ വിംബിള്‍ഡണില്‍ 84 വിജയങ്ങളെന്ന ജിമ്മി കോണേഴ്സിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഫെഡറര്‍ക്കായി. ലോക ഒന്നാം നമ്പറായ നൊവാക് ജോക്കോവിച്ച് നേരത്തെ പുറത്തായതിനാല്‍ ഇത്തവണ ഫെഡറര്‍ തന്റെ പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം വിബിംള്‍ഡനിലൂടെ നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് ഫെഡറര്‍ അവസാനമായി ഗ്രാന്‍സ്ലാം കിരീടം നേടിയത്.