വിംബിൾഡണ്‍ ചരിത്രം തിരുത്തിയ സെമി ഫൈനൽ മത്സരത്തിനൊടുവിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണ്‍ കലാശപ്പോരിന് ടിക്കറ്റെടുത്തു
ലണ്ടൻ: വിംബിൾഡണ് ചരിത്രം തിരുത്തിയ സെമി ഫൈനൽ മത്സരത്തിനൊടുവിൽ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സണ് കലാശപ്പോരിന് ടിക്കറ്റെടുത്തു. അമേരിക്കൻ താരം ജോണ് ഇസ്നറുമായുള്ള ആൻഡേഴ്സന്റെ മത്സരം ആറു മണിക്കൂറും 35 മിനിറ്റും നീണ്ടു. സ്കോർ: 7-6(8-6), 6-7(5-7), 6-7(9-11), 6-4, 26-24.
ടൈബ്രേക്കറിലേക്കു നീണ്ട ആദ്യ സെറ്റ് 7-6 എന്ന സ്കോറിന് ആൻഡേഴ്സണ് സ്വന്തമാക്കി. രണ്ടും മൂന്നും സെറ്റുകളും ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും ഇക്കുറി നേട്ടം ഇസ്നർക്കൊപ്പമായിരുന്നു. നാലാം സെറ്റ് 6-4 എന്ന സ്കോറിൽ പിടിച്ച് ആൻഡേഴ്സണ് മത്സരത്തിലേക്കു തിരിച്ചെത്തി. നിർണായകമായ അവസാന സെറ്റിൽ ഇരുവരും വീറോടെ പൊരുതിയപ്പോൾ മത്സരം റിക്കാർഡ് ബുക്കിലേക്കും പാഞ്ഞുകയറി.
ഒടുവിൽ 26-24 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കൻ താരം അഞ്ചാം സെറ്റും മത്സരവും സ്വന്തമാക്കുന്പോൾ 6 മണിക്കൂറും 35 മിനിറ്റും കളി പിന്നിട്ടിരുന്നു. യുഎസ് ഓപ്പണ് ഫൈനലിസ്റ്റായ ആൻഡേഴ്സണ്, 97 വർഷത്തിനുശേഷം വിംബിൾഡണ് ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം കൂടിയാണ്.
വിംബിൾഡണ് സെമിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരവും ടൂർണമെന്റ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ മത്സരവുമാണിത്. മത്സരത്തിന്റെ അവസാന സെറ്റ് പൂർത്തിയാകാൻ രണ്ടു മണിക്കൂറും 50 മിനിറ്റുമെടുത്തു. 2013 വിംബിൾഡണിലെ നൊവാക് ജോക്കോവിച്ച്-യുവാൻ മാർട്ടിൻ ഡെൽ പോട്രോ മത്സരമായിരുന്നു ഇതിനു മുന്പുള്ള ദൈർഘ്യമേറിയ സെമി. നാലു മണിക്കൂറും 44 മിനിറ്റും നീണ്ട പോരാട്ടത്തിൽ പോട്രോയെ പരാജയപ്പെടുത്തി ജോക്കോവിച്ച് ഫൈനലിലെത്തി.
ടെന്നീസ് ചരിത്രത്തിലെ മൂന്നാമത് ദൈർഘ്യമേറിയ മത്സരംകൂടിയാണിത്. 2010 വിംബിൾഡണിന്റെ ആദ്യ റൗണ്ട് പോരാട്ടം 11 മണിക്കൂറും അഞ്ചു മിനിറ്റും നീണ്ട് ചരിത്രം തിരുത്തിക്കുറിച്ച് അവസാനിക്കുന്പോൾ അന്നും ജോണ് ഇസ്നർ തന്നെയാണു കോർട്ടിന്റെ ഒരറ്റത്തുണ്ടായിരുന്നത്. ഫ്രാൻസിന്റെ നിക്കോളാസ് മഹുട്ടിനെ അന്ന് ഇസ്നർ പരാജയപ്പെടുത്തി.
